മോഹൻ ബഗാന്റെ ട്രോഫി പരേഡിൽ പങ്കെടുക്കുന്ന ആരാധകർ | Photo: twitter.com|Mohun_Bagan
കൊല്‍ക്കത്ത: സാമൂഹിക അകലം അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി കൊല്‍ക്കത്ത ക്ലബ്ബ് മോഹന്‍ ബഗാന് (ഇപ്പോഴത്തെ എ.ടി.കെ ബഗാന്) സംഘടിപ്പിച്ച ഐ ലീഗ് ട്രോഫി പരേഡ് വിവാദത്തില്‍.
കഴിഞ്ഞ സീസണില്‍ ഐ ലീഗ് കിരീടം നേടിയ മോഹന്‍ ബഗാന് ആറു മാസങ്ങള്‍ക്കു ശേഷം ഞായറാഴ്ചയാണ് കിരീടം സമ്മാനിച്ചത്. കൊല്‍ക്കത്തയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു ചടങ്ങ്. പശ്വിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ്, ഐ-ലീഗ് സി.ഇ.ഒ സുനന്ദോ ധര്, ബഗാന് താരങ്ങള്‍ പരിശീലകര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു.
ഇതിനു പിന്നാലെയാണ് ഹോട്ടലില്‍ നിന്ന് മോഹന്‍ ബഗാന് അത്ലറ്റിക് ക്ലബ്ബ് വരെ ടീം അധികൃതര്‍ ട്രോഫി പരേഡ് സംഘടിപ്പിച്ചത്. തുറന്ന ജീപ്പില്‍ ട്രോഫി പ്രദര്‍ശിപ്പിച്ചുകൊണ്ടായിരുന്നു പരേഡ്. കോവിഡ് വ്യാപനത്തിന്റെ പശ്വാത്തലത്തിലും കൊല്‍ക്കത്തന്‍ തെരുവുകളില്‍ സാമൂഹിക അകലം പാലിക്കാതെ ആയിരക്കണക്കിന് ആരാധകരാണ് ട്രോഫി പരേഡിനായി റോഡിലിറങ്ങിയത്.
കോവിഡ് രോഗവ്യാപനത്തിന്റെ പശ്വാത്തലത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ കര്‍ശന നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് തീര്‍ത്തും നിരുത്തരവാദപരമായ ഈ നടപടിക്ക് ക്ലബ്ബ് മുതിര്‍ന്നത്. ട്രോഫി പരേഡ് കണ്ട് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെ ആശങ്കയറിയിച്ച് രംഗത്തെത്തിയത്.
അടുത്തിടെയാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ക്ലബ്ബായ എ.ടി.കെ എഫ്.സിയും ഐ ലീഗ് വമ്പന്മാരയ മോഹന്‍ ബഗാനും ലയിച്ചത്. 2020-21 സീസണിലെ ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പുതിയ ക്ലബ്ബ് പങ്കെടുക്കും.
Content Highlights: Social distancing norms flouted Mohun Bagan I-League trophy parade
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..