കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബി.സി.സി.ഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി ഹോം ക്വാറന്റൈനില്‍. സഹോദരനും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിയുമായ സ്നേഹാശിഷ് ഗാംഗുലിക്ക് കോവിഡ്-19 സ്ഥിരീകരിച്ചതോടെയാണ് ദാദ ക്വാറന്റൈനിൽ പോയത്. ബുധനാഴ്ചയാണ് സ്നേഹാശിഷ് ഗാംഗുലിയുടെ പരിശോധനാ ഫലം പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നത്.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്നേഹാശിഷ് ഗാംഗുലിക്ക് പനി ഉള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകളുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഫലം വന്നതിനു പിന്നാലെ ഇദ്ദേഹത്തെ ബെല്ലെ വ്യൂ ആശുപത്രിയിലേക്ക് മാറ്റി. ഇതോടെയാണ് കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് സൗരവ് ഗാംഗുലി ക്വാറന്റൈനില്‍ പോയത്.

ദിവസങ്ങള്‍ക്കു മുമ്പ് സ്നേഹാശിഷ് ഗാംഗുലിയുടെ ഭാര്യയ്ക്കും ഭാര്യയുടെ മാതാപിതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ അദ്ദേഹം ഐസൊലേഷനിലായിരുന്നു. ഇതിനു പിന്നാലെ സൗരവ് ഗാംഗുലിയുടെ ബെഹലയിലുള്ള കുടുംബവീട്ടിലേക്ക് സ്നേഹാശിഷ് മാറിയിരുന്നു.

സ്നേഹാശിഷിന്റെ മോമിന്‍പുരിലെ വീട്ടില്‍ സഹായിയായി ജോലി ചെയ്യുന്നയാള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Content Highlights: Snehasish Ganguly tests positive for Covid-19 Sourav Ganguly in home quarantine