വെല്ലിങ്ടണ്‍: ന്യൂസീലന്‍ഡിനെതിരായ വനിതാ ട്വന്റി-20 പരമ്പരയിലെ ആദ്യം മത്സരം തോറ്റതിന് പിന്നാലെ ടീമിനെതിരേ പരോക്ഷ വിമര്‍ശനവുമായി സ്മൃതി മന്ദാന. കളി ജയിക്കാന്‍ 20 ഓവറും താന്‍ തന്നെ ക്രീസില്‍ നില്‍ക്കേണ്ട അവസ്ഥയാണെന്ന് മന്ദാന സൂചിപ്പിച്ചു. മത്സരശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇന്ത്യന്‍ താരം. വെല്ലിങ്ടണില്‍ ബുധനാഴ്ച നടന്ന ഒന്നാം ട്വന്റി-20യില്‍ 34 പന്തില്‍ നിന്ന് മന്ദാന 58 റണ്‍സടിച്ചിട്ടും ഇന്ത്യ തോറ്റിരുന്നു.

'ഇന്ത്യന്‍ മധ്യനിര ഇവ്വിധം തകരുന്നത് നല്ല ലക്ഷണമല്ല. ഞാന്‍ 58 റണ്ണടിച്ചു എന്നത് നേരാണ്. പക്ഷേ, കളി ജയിക്കാനായില്ല. 20 ഓവറും ഞാന്‍ ബാറ്റ് ചെയ്യുക എന്നതാണ് പ്രായോഗികമായ പരിഹാരം. ഞാനൊരു 18 ഓവര്‍ വരെയെങ്കിലും ക്രീസിലുണ്ടെങ്കില്‍ തകര്‍ച്ച ഒഴിവാക്കാം. വരുംമത്സരങ്ങളില്‍ അതിനായി ശ്രമിക്കും.' മന്ദാന വ്യക്തമാക്കി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണെടുത്തത്. ഇന്ത്യയുടെ മറുപടി 19.1 ഓവറില്‍ 136 റണ്‍സില്‍ അവസാനിച്ചു. വെറും 34 റണ്‍സിനിടെയാണ് ഇന്ത്യയ്ക്ക് അവസാന ഒന്‍പതു വിക്കറ്റുകള്‍ നഷ്ടമായത്. ഇതോടെ, മൂന്നു മല്‍സരങ്ങളടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0ത്തിന് മുന്നിലെത്തുകയും ചെയ്തു.

Content Highlights: Smriti Mandhana after India suffer defeat vs New Zealand