ടോക്യോ: ടോക്യോ പാരാലിമ്പിക്‌സ് ബാഡ്മിന്റണ്‍ മിക്‌സഡ് ഡബിള്‍സിന്റെ വെങ്കലമെഡലിനായുള്ള മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 

മിക്‌സഡ് ഡബിള്‍സ് എസ് എല്‍ 3-എസ് എല്‍ 5 വിഭാഗത്തില്‍ മത്സരിച്ച ഇന്ത്യയുടെ പ്രമോദ് ഭഗത്-പാലക് കോലി സഖ്യം ജപ്പാന്റെ ഡൈസുകി ഫുജിഹര-അകികോ സുഗിനോ സഖ്യത്തോട് തോല്‍വി വഴങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇന്ത്യന്‍ ടീം തോല്‍വി വഴങ്ങിയത്. സ്‌കോര്‍: 23-21, 21-19. മത്സരം 37 മിനിട്ട് നീണ്ടു. 

രണ്ടാം ഗെയിമില്‍ ഇന്ത്യ ഒരു ഘട്ടത്തില്‍ 10-6 എന്ന സ്‌കോറിന് മുന്നിട്ടുനിന്നെങ്കിലും ജപ്പാന്‍ സഖ്യം ശക്തമായി തിരിച്ചടിച്ച് 11-10 എന്ന സ്‌കോറിലേക്ക് മത്സരം എത്തിച്ചു. പിന്നീട് 19-19 എന്ന സ്‌കോറിന് ഇന്ത്യ സമനില നേടിയെങ്കിലും നിര്‍ണായക സമയത്ത് ഫോമിലേക്കുയര്‍ന്ന ജപ്പാന്‍ തുടര്‍ച്ചയായി രണ്ട് പോയന്റുകള്‍ നേടി മത്സരം സ്വന്തമാക്കി. 

ഇന്നലെ നടന്ന പുരുഷ സിംഗിള്‍സ് എസ്.എല്‍ ത്രീ വിഭാഗത്തില്‍ പ്രമോദ് സ്വര്‍ണം നേടിയിരുന്നു. നിലവില്‍ 19 മെഡലുകളുമായി ഇന്ത്യ പോയന്റ് പട്ടികയില്‍ 24-ാം സ്ഥാനത്താണ്.

Content Highlights: Shuttlers Pramod, Palak lose mixed doubles bronze against Japanese duo