ശുഭ്മാൻ ഗിൽ. photo: bcci twitter
ഹൈദരാബാദ്: ഏകദിന ക്രിക്കറ്റില്‍ അതിവേഗം 1000 റണ്‍സ് തികച്ച ഇന്ത്യന്‍ താരമായി ശുഭ്മാന്‍ ഗില്‍. 19 ഇന്നിങ്സില്‍ 1000 റണ്‍സ് പിന്നിട്ടാണ് ഗില്‍ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയത്. ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ 106 റണ്‍സ് പിന്നിട്ടതോടെയാണ് ഗില്‍ 1000 റണ്‍സ് ക്ലബ്ബിലെത്തിയത്. 24 ഇന്നിങ്സില്‍ 1000 റണ്‍സ് തികച്ച വിരാട് കോലിയുടെയും ശിഖര്‍ ധവാന്റെയും റെക്കോര്‍ഡാണ് ഗില്‍ മറികടന്നത്.
ഏകദിനത്തില്‍ അതിവേഗം 1000 റണ്‍സ് തികച്ച ലോക താരങ്ങളുടെ പട്ടികയില്‍ പാകിസ്താന്റെ ഇമാം ഉള് ഹഖിനൊപ്പം രണ്ടാം സ്ഥാനത്തെത്താനും ഗില്ലിന് സാധിച്ചു. 19 ഇന്നിങ്സിലാണ് ഇരുവരും ഈ നേട്ടത്തിലെത്തിയത്. 18 ഇന്നിങ്സില്‍ 1000 റണ്‍സ് പിന്നിട്ട പാക് താരം ഫഖര്‍ സമാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്.
ന്യൂസിലാന്‍ഡിനെതിരായ ആദ്യ ഏകദിനത്തില്‍ മിന്നും സെഞ്ചുറി പ്രകടനത്തോടെയാണ് ഗില്‍ പുതിയ റെക്കോര്‍ഡും സ്വന്തമാക്കിയത്. 87 പന്തില്‍ നിന്നാണ് ഗില്‍ സെഞ്ചുറിയിലെത്തിയത്. ഏകദിന കരിയറില്‍ താരത്തിന്റെ മൂന്നാമത്തെ സെഞ്ചുറിയാണിത്. ശ്രീലങ്കയ്ക്കെതിരേ തിരുവനന്തപുരത്ത് നടന്ന കഴിഞ്ഞ മത്സരത്തിലും ഗില്‍ സെഞ്ചുറി നേടിയിരുന്നു. 19 മത്സരങ്ങളില്‍ നിന്ന് മൂന്ന് സെഞ്ചുറിക്ക് പുറമേ അഞ്ച് അര്‍ധസെഞ്ചുറിയും ഗില്‍ നേടിയിട്ടുണ്ട്.
കരിയറിന്റെ തുടക്കത്തില്‍ തന്നെ കോലിയെ വരെ പിന്തള്ളി കുതിക്കുന്ന ഗില്ലിനെ പ്രശംസകൊണ്ട് മൂടുകയാണ് ക്രിക്കറ്റ് പ്രേമികള്‍. ഗില്‍ അതിവേഗം 1000 റണ്‍സ് പിന്നിട്ടതിന് പിന്നാലെ താരം കഴിഞ്ഞ കുറച്ച് മത്സരങ്ങളില്‍ ബാറ്റ് ചെയ്യുന്നത് കാണുന്നത് ഏറെ ആനന്ദകരമാണെന്നാണ് കമന്റേറ്റര്‍ ഹര്‍ഷ ഭേഗ് ലെ ട്വീറ്റ് ചെയ്തത്. സ്ഥിരതയാര്‍ന്ന പ്രകടനത്തിലൂടെ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും സെഞ്ചുറി കുറിച്ച ഗില്‍ ഏകദിനത്തില്‍ ഓപ്പണിങ് സ്ഥാനം ഉറപ്പിച്ചതായി മുന്‍ ഇന്ത്യന്‍ താരം ഇര്ഫാന് പഠാനും ട്വീറ്റ് ചെയ്തു.
Content Highlights: Shubman Gill becomes the fastest Indian to score 1000 ODI runs
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..