Photo: Clive Mason |Allsport
ഇസ്ലാമാബാദ്: 1996 ഒക്ടോബര്‍ നാലിന് ഒരു പാകിസ്താനി പയ്യന്‍ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി ബിഗ് സ്റ്റേജിലേക്ക് ഉയര്‍ന്നുവന്നു. വെറും 16-ാം വയസില്‍ ക്രിക്കറ്റിന്റെ മഹാവിഹായസിലേക്ക് കാലെടുത്ത് വെച്ച ആ പയ്യന്റെ പേര് ഷാഹിദ് അഫ്രീദി എന്നായിരുന്നു. അവിടെ നിന്ന് 24 വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹം വാര്‍ത്തകളില്‍ നിറയുകയാണ്.
നെയ്‌റോബിയില്‍ നടന്ന തന്റെ അരങ്ങേറ്റ ടൂര്‍ണമെന്റായ കെ.സി.എ സെന്റിനറി ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ തന്നെ വെറും 37 പന്തില്‍ നിന്ന് സെഞ്ചുറിയടിച്ച് ആ പയ്യന്‍ ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചു. മുത്തയ്യ മുരളീധരനും ചാമിന്ദ വാസും അടങ്ങിയ ശ്രീലങ്കയ്‌ക്കെതിരൊയിരുന്നു അന്നത്തെ ആ 16-കാരന്റെ പ്രകടനം. 11 സിക്‌സും ആറു ഫോറുമടങ്ങിയ ഇന്നിങ്‌സ് അവസാനിച്ചതോടെ ക്രിക്കറ്റ് ലോകത്തെ യുവരാജാവ് എന്ന പട്ടം ആ പയ്യന് ചാര്‍ത്തിക്കിട്ടുകയും ചെയ്തു.
ഇതോടെ ഏകദിനത്തില്‍ സെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡും ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡും അഫ്രീദിക്ക് സ്വന്തമായി.
18 വര്‍ഷങ്ങള്‍ക്ക് ശേഷം ന്യൂസീലന്‍ഡിന്റെ കോറി അന്‍ഡേഴ്‌സന്‍ 36 പന്തില്‍ നിന്ന് സെഞ്ചുറി നേടുന്നതുവരെ ഏറ്റവും വേഗമേറിയ സെഞ്ചുറിയെന്ന റെക്കോഡ് അഫ്രീദിയുടെ പേരില്‍ തന്നെയായിരുന്നു. പിന്നീട് 31 പന്തില്‍ നിന്ന് മൂന്നക്കം കടന്ന ദക്ഷിണാഫ്രിക്കയുടെ എ.ബി ഡിവില്ലിയേഴ്‌സ് ഈ റെക്കോഡ് സ്വന്തമാക്കി.
എന്നാല്‍ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ചൂറിയനെന്ന റെക്കോഡ് ഇപ്പോഴും അഫ്രീദിയുടെ പേരില്‍ തന്നെയാണ്. സെഞ്ചുറി നേടുമ്പോള്‍ ഐ.സി.സിയുടെ കണക്കനുസരിച്ച് 16 വര്‍ഷവും 217 ദിവസവുമായിരുന്നു അഫ്രീദിയുടെ പ്രായം. ഈ റെക്കോഡിനോട് ഏറ്റവും അടുത്ത് നില്‍ക്കുന്നത് അഫ്ഗാനിസസ്ഥാന്‍ താരം ഉസ്മാന്‍ ഗനിയാണ്. സെഞ്ചുറി നേടുമ്പോള്‍ 17 വര്‍,വും 242 ദിവസവുമായിരുന്നു ഗനിയുടെ പ്രായം. 2014-ല്‍ സിംബാബ്‌വെയ്‌ക്കെതിരേ ബുലവായോയിലായിരുന്നു ഗനിയുടെ നേട്ടം.
എന്നാല്‍ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി അഫ്രീദിയുടെ പ്രായത്തിന്റെ പേരില്‍ വാദപ്രതിവാദങ്ങള്‍ നടക്കുകയാണ്. മാര്‍ച്ച് ഒന്നായ ഇന്ന് അഫ്രീദിയുടെ ജന്മദിനമാണ്. തന്റെ ആത്മകഥയില്‍ അഫ്രീദി തന്നെ പറയുന്നത് താന്‍ ജയിച്ചത് 1975-ല്‍ ആണെന്നാണ്. എന്നാല്‍ ഐ.സി.സിയുടെ കണക്ക് പ്രകാരം അദ്ദേഹത്തിന്റെ ജന്മവര്‍ഷം 1980 ആണ്.
എല്ലാ വര്‍ഷവും ഈ ദിവസം താരത്തിന്റെ പ്രായം സംബന്ധിച്ച് ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചകള്‍ നടക്കുന്നത് പതിവാണ്. ഇത്തവണ പക്ഷേ അഫ്രീദിയുടെ ഒരു ട്വീറ്റ് തന്നെയാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്.
'സ്‌നേഹം നിറഞ്ഞ എല്ലാ ആശംസകള്‍ക്കും നന്ദി, ഇന്ന് 44 വയസ് തികയുന്നു. . കുടുംബവും, ആരാരധകരും സുഹൃത്തുക്കളുമാണ് എന്റെ ഏറ്റവും വലിയ സ്വത്ത്' - എന്നായിരുന്നു അഫ്രീദിയുടെ ട്വീറ്റ്.
ഇതാണ് ആശയക്കുഴപ്പമുണ്ടാക്കുന്നത്. കാരണം ഐ.സി.സിയുടെ കണക്കനുസരിച്ച് അഫ്രീദിയുടെ ജനനം 1980 മാര്‍ച്ച് ഒന്നിനാണ്. അങ്ങനെ വരുമ്പോള്‍ താരത്തിന്റെ പ്രായം 41 ആണ്. താരത്തിന്റെ ആത്മകഥ പ്രകാരം അദ്ദേഹത്തിന്റെ വയസ് 46 ആണ്. ഇപ്പോള്‍ ഇതാ അഫ്രീദി തന്നെ പറയുന്നു തന്റെ പ്രായം 44 ആണെന്ന്.
അതേസമയം 1996-ല്‍ പാകിസ്താനായി അരങ്ങേറ്റം കുറിക്കുമ്പോള്‍ തന്റെ പ്രായം 16 ആയിരുന്നില്ല 19 ആയിരുന്നുവെന്ന് 2019-ല്‍ അഫ്രീദി തന്നെ വെളിപ്പെടുത്തിയിരുന്നു. അധികൃതര്‍ തന്റെ വയസ് തെറ്റായി രേഖപ്പെടുത്തുകയായിരുന്നുവെന്നും താരം അന്ന് പറഞ്ഞിരുന്നു. ശരിക്കും താന്‍ ജനിച്ചത് 1975-ല്‍ ആണെന്നാണ് അഫ്രീദി തന്നെ പറഞ്ഞത്.
ഇതോടെ ഏകദിനത്തില്‍ സെഞ്ചുറി നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോഡ് ഇനിയും അഫ്രീദിയുടെ പേരില്‍ തന്നെ വേണോ എന്ന് വിവിധ കോണുകളില്‍ നിന്നും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. അഫ്രീദി തന്നെ പറയുന്നത് വെച്ച് നോക്കിയാല്‍ 1996-ല്‍ നെയ്‌റോബിയില്‍ ശ്രീലങ്കയ്‌ക്കെതിരേ സെഞ്ചുറി നേടുമ്പോള്‍ അദ്ദേഹത്തിന്റെ പ്രായം 16 വര്‍ഷവും 217 ദിവസവുമല്ല, മറിച്ച് 19 വര്‍ഷവും 217 ദിവസവുമാണ്.
Content Highlights: Should Shahid Afridi still be the owner of the youngest ODI centurion record
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..