ഇസ്ലാമാബാദ്: കോവിഡ് വ്യാപനത്തെ തുടർന്ന് ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കർശനമായതോടെ സാനിയ മിർസയേയും കുഞ്ഞിനേയും കാണാൻ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്ക് ഇനിയും കാത്തിരിക്കണം. സാനിയയേയും കുഞ്ഞിനേയും കാണാൻ പാക് ക്രിക്കറ്റ് ബോർഡ് മാലിക്കിന് നൽകിയ ഇളവ് നീട്ടിനൽകി. ഓഗസ്റ്റ് പകുതിയോടെ ഇംഗ്ലണ്ടിലുള്ള ടീമിനൊപ്പം ചേർന്നാൽ മതിയെന്നാണ് പുതിയ നിർദ്ദേശം. അതിനുള്ളിൽ ഇന്ത്യയിലെത്തി ഭാര്യയേയും കുഞ്ഞിനേയും കാണാൻ മാലിക്കിന് അവസരം കിട്ടുമെന്നാണ് പ്രതീക്ഷ.

ഇംഗ്ലണ്ട് പര്യടനത്തിനുള്ള പാകിസ്താൻ ടീമിൽ അംഗമായിരുന്ന മാലിക്കിന് ഭാര്യയേയും കുഞ്ഞിനേയും കാണാനുള്ള അവസരമൊരുക്കുന്നതിന് ടീമിനൊപ്പം ഇംഗ്ലണ്ടിലേക്ക് പോകുന്നതിൽ പാക് ക്രിക്കറ്റ് ബോർഡ് ഇളവ് നൽകിയിരുന്നു. പാക് ടീം പരമ്പരയ്ക്കായി കഴിഞ്ഞമാസം ഇംഗ്ലണ്ടിലേക്ക് പോകുകയും ചെയ്തു. മാലിക്ക് ഹൈദരാബാദിലുള്ള സാനിയയേയും കുഞ്ഞിനേയും കണ്ടശേഷം ജൂലൈ 24-ന് ഇംഗ്ലണ്ടിലുള്ള ടീമിനൊപ്പം ചേർന്നാൽ മതിയെന്നായിരുന്നു ക്രിക്കറ്റ് ബോർഡിന്റെ നിർദ്ദേശം. എന്നാൽ കോവിഡ് കേസുകൾ വർധിച്ചതോടെ ഇന്ത്യയിലേക്കുള്ള യാത്രാ നിയന്ത്രണങ്ങൾ കടുപ്പിച്ചത് മാലിക്കിന് വിനയായി. പാക് താരത്തിന് നേരത്ത നിശ്ചയിച്ച സമയത്ത് ഹൈദരാബാദിൽ എത്താൻ കഴിഞ്ഞില്ല. ഇതോടെ പിസിബി മാലിക്കിന് ഇളവ് നീട്ടിനൽകുകയായിരുന്നു.

ഓഗസ്റ്റിലും സെപ്റ്റംബറിലുമായി ഇംഗ്ലണ്ടിൽ നടക്കുന്ന പരമ്പരയിൽ മൂന്നുവീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണുള്ളത്. ടെസ്റ്റിൽ നിന്ന് നേരത്തെ വിരമിച്ച മാലിക്ക് ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമിലാണുള്ളത്. ഓഗസ്റ്റ് 28-ന് മാഞ്ചസ്റ്ററിലാണ് ട്വന്റി-20 പരമ്പര തുടങ്ങുക. നിലവിൽ ഇംഗ്ലണ്ടും വെസ്റ്റിൻഡീസും തമ്മിലുള്ള പരമ്പര നടക്കുകയാണ്. അതുകഴിഞ്ഞ ശേഷമാണ് ഇംഗ്ലണ്ട് പാകിസ്താനെ നേരിടുക. ഇംഗ്ലണ്ടിലെത്തിയ പാക് ടീം നിലവിൽ ക്വാറന്റീൻ കഴിഞ്ഞ് പരിശീലനത്തിനുള്ള ഒരുക്കത്തിലാണ്.

Content Highlights: Shoaib Maliks Travel Plans to England and India, Further Delayed by Flight Ban