ലാഹോര്‍: അഞ്ചുമാസത്തിനു ശേഷം ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയയെയും മകനെയും കാണാന്‍ പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്. ഭാര്യക്കും കുഞ്ഞിനും ഒപ്പം സമയം ചിലവഴിക്കാന്‍ അനുവദിക്കണമെന്ന മാലിക്കിന്റെ അഭ്യര്‍ഥന അംഗീകരിച്ചതായും ഇതിനു ശേഷം ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനൊപ്പം താരം ചേരുമെന്നും പാകിസ്താന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് അറിയിച്ചു. 

കോവിഡ്-19 വ്യാപനത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ കാരണം ഷുഐബിന് കഴിഞ്ഞ അഞ്ചു മാസത്തോളം ഭാര്യയേയും മകനേയും കാണാന്‍ കഴിഞ്ഞിരുന്നില്ല.

ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് പാകിസ്താന്റെ ഇംഗ്ലണ്ട് പര്യടനം. അതിന് മുമ്പ് കുടുംബത്തോടൊപ്പം സമയം ചിലവഴിച്ച ശേഷം ഷുഐബ് മാലിക്ക് ടീമിനൊപ്പം ചേരുമെന്നാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയിട്ടുള്ളത്. മൂന്നു വീതം ടെസ്റ്റുകളും ട്വന്റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.

ജൂണ്‍ 28-നാകും പാക് ടീം മാഞ്ചസ്റ്ററിലേക്ക് പുറപ്പെടുക. അവിടെ എത്തിയശേഷം 14 ദിവസം ക്വാറെന്റയ്‌നില്‍ ഇരിക്കേണ്ടിവരും. അതിനുശേഷമായിരിക്കും പരിശീലനം തുടങ്ങുക. യാത്രാ വിലക്കുകള്‍ നീക്കിയതിനാല്‍ ഷുഐബ് മാലിക്കിന് കുടുംബത്തെ കാണാനുള്ള അവസരം തടയുന്നില്ലെന്നും പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കി.

നേരത്തെ മകന്‍ ഇസ്ഹാന് അവന്റെ അച്ഛനെ കാണാനാകാത്തതാണ് ലോക്ക്ഡൗണ്‍ കാലത്തെ ഏറ്റവും വലിയ സങ്കടമെന്ന് സാനിയ പറഞ്ഞിരുന്നു. മകന് അവന്റെ അച്ഛനെ ഇനി എന്നു കാണാനാകും എന്ന് അറിയില്ലെന്നും സാനിയ വ്യക്തമാക്കിയിരുന്നു. ഇസ്ഹാന്‍ ചെറിയ കുട്ടിയായതിനാലും ഷുഐബ് മാലിക്കിന്റെ വീട്ടില്‍ പ്രായമായ അമ്മയുള്ളതിനാലും ഇരുവരും പ്രായോഗികമായി ചിന്തിക്കുകയായിരുന്നെന്നും അതിനാലാണ് അഞ്ചു മാസം വിട്ടുനില്‍ക്കേണ്ടി വന്നതും സാനിയ ചൂണ്ടിക്കാട്ടുന്നു.

content highloghts: Shoaib Malik gets permission to meet wife Sania Mirza and son before travelling for England series