ഇസ്ലാമാബാദ്: 1999-ൽ നടന്ന ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കുന്നതിനായി ഒന്നേ മുക്കാൽ കോടി രൂപയുടെ കൗണ്ടി ക്രിക്കറ്റ് കരാർ ഒഴിവാക്കിയതായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷുഐബ് അക്തർ. ഇംഗ്ലണ്ട് കൗണ്ടി ടീമായ നോട്ടിങ്ഹാംഷെയറുമായുള്ള കരാറാണ് വേണ്ടെന്നുവച്ചത്. സംഭവം നടന്ന് 20 വർഷങ്ങൾക്കുശേഷം ഒരു പാക് മാധ്യമത്തോടാണ് അക്തറിന്റെ വെളിപ്പെടുത്തൽ.

രാജ്യത്തിനായി എല്ലാം ഉപേക്ഷിക്കാനും മരിക്കാനും തയ്യാറായിരുന്നു. നോട്ടിങ്ഹാമുമായി എനിക്ക് ഒന്നേ മുക്കാൽ കോടി രൂപയോളം വരുന്ന കരാറുണ്ടായിരുന്നു. അതു ഞാൻ ഉപേക്ഷിച്ചു. അന്നു ഞാൻ ലാഹോറിലുണ്ടായിരുന്നു. അവിടെ എന്താണ് ചെയ്യുന്നതെന്ന് ഒരു സൈനിക ഉദ്യോഗസ്ഥൻ എന്നോടു ചോദിച്ചു. യുദ്ധം തുടങ്ങാൻ പോകുകയാണെന്നും ഒരുമിച്ചു മരിക്കാമെന്നും ഞാൻ അദ്ദേഹത്തോട് പറഞ്ഞു. കശ്മീരിലെ എന്റെ സുഹൃത്തുക്കളെ വിളിച്ച് ഞാനും പോരാടാൻ തയ്യാറാണെന്ന് അറിയിച്ചു.'-എ.ആർ.വൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ അക്തർ പറയുന്നു.

1999 ജൂലൈ 26-നാണ് കാർഗിലിൽ നുഴഞ്ഞുകയറിയ പാക് പട്ടാളത്തെ ഇന്ത്യൻ സേന പരാജയപ്പെടുത്തിയത്. പാകിസ്താൻ പട്ടാളം കൈയടക്കിയിരുന്ന പ്രദേശമെല്ലാം ഇന്ത്യൻ സേന തിരിച്ചുപിടിച്ചു. അന്നു 527 ഇന്ത്യൻ ജവാൻമാർ വീരമൃത്യു വരിച്ചു.

Content Highlights: Shoaib Akhtar turned Down crore rupees contract with Nottinghamshire, Kargil War