കറാച്ചി: പാക് ക്രിക്കറ്റ് ടീം അംഗമായിരുന്ന ഡാനിഷ് കനേരിയ ഹിന്ദുവായതിനാല്‍ സഹതാരങ്ങളില്‍ നിന്ന് വിവേചനം നേരിട്ടെന്ന വെളിപ്പെടുത്തല്‍ മയപ്പെടുത്തി പാക് മുന്‍ താരം ഷുഐബ് അക്തര്‍. തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത് വിവാദമാക്കുകയായിരുന്നെന്ന് അക്തര്‍ വ്യക്തമാക്കി. പാക് ടീമിലെ ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയയെ വംശീയമായി അധിക്ഷേപിച്ചത്. ടീമിലെ മറ്റു താരങ്ങള്‍ അത് ഒരിക്കലും പ്രോത്സാഹിപ്പിച്ചിരുന്നില്ലെന്നും അക്തര്‍ പറയുന്നു. 

കളിക്കാര്‍ ഏത് മതവിഭാഗത്തില്‍ നിന്നായാലും പരസ്പരം ബഹുമാനിക്കണമെന്നത് കളിക്കാര്‍ക്കിടയിലെ അലിഖിത നിയമമാണ്. എന്നാല്‍ പാക് ടീമിലെ ചിലര്‍ ഇതിനെല്ലാം എതിരായിരുന്നു. അത് ടീമിന്റെ മനോഭാവമായി കാണരുത്. ഒന്നോ രണ്ടോ പേര്‍ മാത്രമാണ് കനേരിയക്കെതിരേ വംശീയ അധിക്ഷേപം നടത്തിയത്. ഇത്തരം ആളുകള്‍ ലോകത്ത് എല്ലായിടത്തുമുണ്ട്. അത് മറ്റുള്ളവര്‍ എതിര്‍ത്തിരുന്നു. മുളയിലെ നുള്ളിക്കളയാന്‍ ശ്രമിച്ചിരുന്നു. അത് നമ്മുടെ ഉത്തരവാദിത്തമാണ്.

'ഇനിയും കനേരിയുടെ വിശ്വാസത്തെ ആരെങ്കിലും ചോദ്യം ചെയ്താല്‍ അവര്‍ ടീമില്‍ കാണില്ലെന്ന് ഞാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. അത് ഞങ്ങളുടെ സംസ്‌കാരമല്ല. ഒരു രാജ്യമെന്ന നിലയ്ക്ക് ഇത്തരം വിവേചനങ്ങള്‍ ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. സമൂഹമെന്ന നിലയില്‍ കഴിഞ്ഞ 15 വര്‍ഷത്തിനിടെ ഞങ്ങള്‍ ഒരുപാട് മുന്നോട്ടുപോയിട്ടുണ്ട്. മുഷ്താഖ് അഹമ്മദിന്റെ കാലത്താണ് കനേരിയ കളിച്ചത്. പാകിസ്താന് ഒരുപാട് വിജയങ്ങള്‍ സമ്മാനിച്ച താരം. അദ്ദേഹം രണ്ട് വര്‍ഷം മുമ്പെങ്കിലും ടീമിലെത്തണമായിരുന്നുവെന്ന് തോന്നിയിട്ടുണ്ട്.'- അക്തര്‍ പറഞ്ഞു. 

 

Content Highlights: Shoaib Akhtar Says Comments On Danish Kaneria Taken Completely Out Of Context