ഇസ്ലാമാബാദ്: കോവിഡിന്റെ രണ്ടാം വ്യാപനത്തിനിടെ അടിയന്തരചികിത്സയ്ക്ക് ആവശ്യത്തിന് ഓക്‌സിജന്‍ ലഭിക്കാതെ കഷ്ടപ്പെടുന്ന ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണമെന്ന് പാകിസ്താന്‍ സര്‍ക്കാരിനോടും രാജ്യത്തെ ജനങ്ങളോടും അഭ്യര്‍ഥിച്ച് മുന്‍ ക്രിക്കറ്റ് താരം ഷുഐബ്  അക്തര്‍

ഇന്ത്യയിലെ കോവിഡ് കേസുകള്‍ 25 ലക്ഷത്തിലധികമായതോടെ വടക്കേ ഇന്ത്യയിലെ ആശുപത്രികള്‍ പലതും ഓക്‌സിജന്‍ ക്ഷാമത്താല്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തിലാണ് ഇന്ത്യയ്ക്ക് സഹായം ലഭ്യമാക്കണമെന്ന അഭ്യര്‍ഥനയുമായി അക്തര്‍ രംഗത്തെത്തിയിരിക്കുന്നത്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലാണ് അക്തറിന്റെ അഭ്യര്‍ഥന. 

'' ഇപ്പോള്‍ നിലനില്‍ക്കുന്ന പ്രതിസന്ധി നേരിടുക എന്നത് ഏതൊരു സര്‍ക്കാരിനും അസാധ്യമാണ്. ഇന്ത്യയെ സഹായിക്കാന്‍ ഞാന്‍ എന്റെ സര്‍ക്കാരിനോടും ആരാധകരോടും അഭ്യര്‍ഥിക്കുന്നു. ഇന്ത്യക്ക് ധാരാളം ഓക്‌സിജന്‍ ടാങ്കുകള്‍ ആവശ്യമാണ്. ഇവ ലഭ്യമാക്കുന്നതിനുള്ള ഫണ്ട് കണ്ടെത്താന്‍ ഞാന്‍ എല്ലാവരോടും അഭ്യര്‍ഥിക്കുന്നു.'' - അക്തര്‍ പറഞ്ഞു.

കോവിഡിന്റെ രണ്ടാം വ്യാപനത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്‌നത്തിലായിരിക്കുന്നത് മഹാരാഷ്ട്രയാണ്. ശനിയാഴ്ച 67,000ഓളം പുതിയ കേസുകളും 676 മരണങ്ങളുമാണ് അവിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Content Highlights: Shoaib Akhtar request to raise funds for India and donate oxygen tanks