ലണ്ടന്‍: ദക്ഷിണാഫ്രിക്കന്‍ മുന്‍ ക്രിക്കറ്റ് താരം എ.ബി. ഡിവില്ലിയേഴ്സിന് രാജ്യതാത്പര്യത്തെക്കാള്‍ പ്രധാനം പണമായിരുന്നെന്ന് പാകിസ്താന്‍ മുന്‍ ബൗളര്‍ ഷോയബ് അക്തര്‍. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെയും പാകിസ്താന്‍ സൂപ്പര്‍ലീഗിലെയും കരാറുകള്‍ ഒഴിവാക്കി ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം ചേരാന്‍ ഡിവില്ലിയേഴ്സിന് സമ്മര്‍ദമുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം അത് ഗൗനിച്ചില്ല. 

ലോകകപ്പിന് ഒരുവര്‍ഷം മുമ്പ് വിരമിക്കല്‍ പ്രഖ്യാപിക്കുകയും ചെയ്തു. ആ സമയത്ത് ദക്ഷിണാഫ്രിക്ക മോശം ഫോമിലായിരുന്നു. രാജ്യത്തിന് ഡിവില്ലിയേഴ്സിനെ ആവശ്യമുണ്ടായിരുന്നു. എന്നാല്‍, പണത്തോടുള്ള ആര്‍ത്തിയാണ് അദ്ദേഹത്തെ നയിച്ചത് - അക്തര്‍ ആരോപിച്ചു.

ലോകകപ്പിന് തൊട്ടുമുമ്പ് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് തിരിച്ചുവരാന്‍ ഡിവില്ലിയേഴ്സ് ശ്രമിച്ചിരുന്നു. എന്നാല്‍, ടീം മാനേജ്മെന്റ് ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ലോകകപ്പില്‍ ആദ്യ മൂന്ന് കളികളും തോറ്റ് തകര്‍ച്ചയിലാണ് ദക്ഷിണാഫ്രിക്ക.

Content Highlights: Shoaib Akhtar on AB de Villiers