ഇസ്‌ലാമാബാദ്: തനിക്കെതിരേ അപകീര്‍ത്തിപരമായ പരാമര്‍ശങ്ങള്‍ നടത്തിയ മുന്‍ പാക് ബൗളര്‍ ഷുഐബ് അക്തറിനെതിരേ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ നിയമോപദേഷ്ടാവ് തഫാസുല്‍ റിസ്​വി.

അഴിമതിവിരുദ്ധ ചട്ടം ലംഘിച്ചതിന് പാക് താരം ഉമര്‍ അക്മലിനെ പി.സി.ബി മൂന്നു വര്‍ഷത്തേക്ക് വിലക്കിയിരുന്നു. ഈ വിഷയത്തില്‍ ഒരു യൂട്യൂബ് ഷോയില്‍ പങ്കെടുക്കവെ റിസ്​വിക്കെതിരേ മോശം പരാമര്‍ശങ്ങള്‍ നടത്തിയതാണ് അക്തറിന് വിനയായത്.

അക്തറിനെതിരേ മാനനഷ്ടത്തിനും ക്രിമിനല്‍ കുറ്റത്തിനും നടപടികള്‍ ആരംഭിച്ചതായി തഫാസുല്‍ റിസ്​വി തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇതോടൊപ്പം സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിക്കും റിസ്​വി പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം ഉമര്‍ അക്മല്‍ വിഷയത്തില്‍ പ്രതികരണവുമായി അക്തര്‍ ചെയ്ത ഒരു വീഡിയോയിലെ പരാമര്‍ശം പാകിസ്താന്‍ ബാര്‍ കൗണ്‍സിലിന്റെ അതൃപ്തിക്കും കാരണമായിട്ടുണ്ട്. രാജ്യത്തെ നിയമ സംവിധാനങ്ങളെ കുറിച്ച് സംസാരിക്കുമ്പോള്‍ അക്തര്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് ചൂണ്ടിക്കാട്ടി ബാര്‍ കൗണ്‍സില്‍ പ്രസ്താവനയിറക്കുകയും ചെയ്തിട്ടുണ്ട്.

അതേസമയം വിഷയത്തില്‍ പി.സി.ബിയും വിഷയത്തില്‍ താരത്തിനെതിരേ പ്രതികരിച്ചിട്ടുണ്ട്. ബോര്‍ഡിന്റെ നിയമ വകുപ്പിനെയും നിയമോപദേഷ്ടാവിനെയും കുറിച്ച് പരസ്യമായി അഭിപ്രായപ്രകടനം നടത്തുന്നതിനായി അക്തര്‍ മോശമായ വാക്കുകള്‍ തിരഞ്ഞെടുത്തതില്‍ നിരാശയുണ്ടെന്ന് പി.സി.ബി പ്രസ്താവനയില്‍ വ്യക്തമാക്കി.

Content Highlights: Shoaib Akhtar Lands In Trouble faces defamation proceedings PCB Legal Advisor