കറാച്ചി: പാക് ക്രിക്കറ്റ് താരമായിരുന്ന ഷാഹിദ് അഫ്രീദിയുടെ ആരോപണങ്ങള്‍ക്ക് പിന്തുണയുമായി മുന്‍ താരം ഷുഐബ് അക്തര്‍. ആത്മകഥയായ 'ഗെയിം ചേഞ്ചറി'ലൂടെ അഫ്രീദി നടത്തിയ വെളിപ്പെടുത്തലുകള്‍ സത്യമാണെന്ന് അവകാശപ്പെട്ടാണ് അക്തര്‍ രംഗത്തെത്തിയത്. പാകിസ്താന്‍ ടീമില്‍ കളിക്കുന്ന സമയത്ത് സീനിയര്‍ താരങ്ങള്‍ മോശമായാണ് പെരുമാറിയത് എന്നായിരുന്നു അഫ്രീദിയുടെ വെളിപ്പെടുത്തല്‍. 

സീനിയര്‍ താരങ്ങളില്‍ നിന്ന് അഫ്രീദി നേരിട്ട അധിക്ഷേപം ആത്മകഥയില്‍ വിവരിച്ചതിനേക്കാള്‍ കൂടുതലാണെന്നും അതില്‍ പലതിനും താന്‍ സാക്ഷിയാണെന്നും അക്തര്‍ പറയുന്നു. പിന്നീട് ആ പത്ത് സീനിയര്‍ താരങ്ങള്‍ ഉംറ നിര്‍വ്വഹിക്കാന്‍ പോകുന്നതിന് മുമ്പായി തന്നേയും അഫ്രീദിയേയും സമീപിച്ച് മാപ്പപേക്ഷിച്ചതായും അക്തര്‍ അവകാശപ്പെടുന്നുണ്ട്.  

1999-ല്‍ ഇന്ത്യക്കെതിരേ ചെന്നൈയില്‍ നടന്ന ടെസ്റ്റിന് മുന്നോടിയായി തന്നെ പരിശീലനം നടത്താന്‍ പോലും അന്നത്തെ കോച്ചായിരുന്ന ജാവേദ് മിയാന്‍ദാദ് അനുവദിച്ചിരുന്നില്ലെന്നും അഫ്രീദി വെളിപ്പെടുത്തിയിരുന്നു. ഒരു ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെ ടീമിലെ നാല് താരങ്ങള്‍ തന്നെ തല്ലണമെന്ന ലക്ഷ്യത്തോടെ ബാറ്റുമായി വന്നതായും ആത്മകഥയില്‍ അഫ്രീദി പറയുന്നുണ്ട്. സമ്മാനദാനച്ചടങ്ങില്‍ സംസാരിക്കുമ്പോള്‍ തന്നെക്കുറിച്ച് പുകഴ്ത്തിപ്പറയാന്‍ മിയാന്‍ദാദ് എപ്പോഴും ആവശ്യപ്പെടുമായിരുന്നെന്നും അതിനായി സമ്മര്‍ദ്ദം ചെലുത്തിയിരുന്നെന്നും അഫ്രീദി വെളിപ്പെടുത്തിയിരുന്നു. 

 

Content Highlights: Shoaib Akhtar Backs Shahid Afridi Claim Says Senior Players Wanted To Beat Him With Bat