
യു.എ.ഇ. ടീമിനായി 2013 മുതല്‍ 2019 വരെ ഷിനി കളിച്ചു. ബൗളിങ് ഓപ്പണ്‍ ചെയ്തിരുന്ന മലയാളി പെണ്‍കുട്ടി യു.എ.ഇ. യുടെ ശ്രദ്ധേയ വിജയങ്ങളില്‍ പങ്കാളിയായി.
മലപ്പുറം വണ്ടൂര്‍ പാറക്കല്‍ ഖാലിദിന്റെയും സുബൈദയുടെയും മകളായ ഷിനിക്ക് കുട്ടിയാവുമ്പോള്‍ പിതാവിന്റെ പാത പിന്തുടര്‍ന്ന് ഫുട്‌ബോള്‍ താരമാവാനായിരുന്നു ആഗ്രഹം. പക്ഷേ, പെണ്‍കുട്ടികള്‍ക്ക് നാട്ടില്‍ കളിക്കളമുണ്ടായിരുന്നില്ല. കൂടെ കളിക്കാന്‍ ആളുമില്ലായിരുന്നു.
പ്ലസ് ടുവിന് പുല്ലങ്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുമ്പോള്‍ ഫുട്‌ബോള്‍ കളിച്ചുതുടങ്ങി. ക്രിക്കറ്റിനോടുള്ള താത്പര്യം കാരണം ക്രിക്കറ്റ് ടീമുണ്ടായിരുന്ന ചുങ്കത്തറ മാര്‍ത്തോമാ കോളേജില്‍ 2002-ല്‍ ഡിഗ്രിക്ക് ചേര്‍ന്നത് വഴിത്തിരിവായി. പരിശീലകനായ ഫെര്‍ണാണ്ടസിനുകീഴില്‍ ശാസ്ത്രീയ പാഠങ്ങള്‍ പഠിച്ചതോടെ 2003-ല്‍ സംസ്ഥാന ടീമിലെത്തി.
2006-ല്‍ തിരുവല്ല മാര്‍ത്തോമ കോളേജില്‍ പി.ജി. പഠനത്തിന് ചേര്‍ന്നു. അവിടെ ക്രിക്കറ്റും ഫുട്‌ബോളും കളിച്ചു. എം.ജി. ഫുട്‌ബോള്‍ ടീമിലെത്തി. ഒപ്പം ഹോക്കിയും സോഫ്റ്റ് ബോളും റഗ്ബിയിലും ഒരു കൈ നോക്കി. ലണ്ടനില്‍ വെസ്റ്റ്ലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ 2009-ല്‍ എം.ബി.എ. പഠനത്തിന് ചേര്‍ന്നതോടെ മിഡില്‍സെക്‌സ് കൗണ്ടി വനിതാ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരമൊരുങ്ങി. 2011-ല്‍ ടീമിലെ മികച്ചതാരമായി തിരഞ്ഞെടുക്കപ്പെട്ടു. 2013-ല്‍ ദുബായില്‍ ഹിറ്റാച്ചി കമ്പനിയില്‍ ജോലി ലഭിച്ചത് യു.എ.ഇ. വനിതാ ക്രിക്കറ്റ് ടീമിലെത്താന്‍ അവസരമൊരുങ്ങി. 2013 മുതല്‍ 2019-വരെ യു.എ.ഇ. ടീമില്‍ കളിച്ചു. ഷിനി ഉള്‍പ്പെട്ട ടീം 2015-ല്‍ ഗള്‍ഫ് ചാമ്പ്യന്മാരായി. 2019-ലോകകപ്പ് യോഗ്യതാ ഒന്നാം വട്ടത്തില്‍ യു.എ.ഇ. ജേതാക്കളായി. റഗ്ബിക്കിടെ കാല്‍മുട്ടിന് പരിക്കേറ്റതോടെ അന്താരാഷ്ട്ര മത്സരങ്ങളില്‍നിന്ന് പിന്മാറി.
യു.എ.ഇ.ക്കുവേണ്ടി 14 മത്സരങ്ങളില്‍ 23 വിക്കറ്റും ഇരുനൂറിലേറെ റണ്‍സും ഷിനി നേടിയിട്ടുണ്ട്. ഒമാനെതിരേ പുറത്താകാതെ 52 റണ്‍സും നാല് വിക്കറ്റും നേടിയതാണ് മികച്ച പ്രകടനം. അറിയപ്പെടാതെ പോയ വനിതാ കായികതാരങ്ങളെക്കുറിച്ച് ട്രാവല്‍ വ്‌ളോഗ് തുടങ്ങിയിരിക്കയാണ് ഷിനി ഇപ്പോള്‍. കുവൈത്ത് ക്രിക്കറ്റ് ടീമില്‍കളിച്ച കിഷോര്‍ കൃഷ്ണകുമാറാണ് ഭര്‍ത്താവ്.
Content Highlights: Shini Suneera the Malayali women who played for UAE cricket team
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..