ന്യൂഡൽഹി: കോവിഡ് വ്യാപനത്തെ തുടർന്നുള്ള ലോക്ക്ഡൗണിനിടെ അഭയാർത്ഥി കോളനി സന്ദർശിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. ശനിയാഴ്ച്ച രാവിലെ ന്യൂഡൽഹി മജ്ലിസ് പാർക്ക് മെട്രോ സ്റ്റേഷന് സമീപത്തെ അഭയാർത്ഥി കോളനിയാണ് ധവാൻ സന്ദർശിച്ചത്. പാകിസ്താനിൽ നിന്നെത്തിയ ഹിന്ദു കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്.

ക്രിക്കറ്റ് കിറ്റുകൾ, ടോയ്ലറ്റിൽ ഉപയോഗിക്കുന്ന സാധനങ്ങൾ, തലയിണ, പുതപ്പ് തുടങ്ങിവയും ധവാൻ ഇവർക്ക് വിതരണം ചെയ്തു. ഡൽഹി റൈഡിങ് ക്ലബ്ബുമായി സഹകരിച്ചായിരുന്നു ധവാന്റെ സന്ദർശനം. കോളനിവാസികളെ അറിയിക്കാതെ എല്ലാവരേയും അദ്ഭുതപ്പെടുത്തി സന്ദർശനം നടത്തിയ ധവാൻ കുട്ടികളോടൊപ്പം ക്രിക്കറ്റ് കളിക്കാനും ഫോട്ടോക്ക് പോസ് ചെയ്യാനും മറന്നില്ല.

സന്ദർശന ചിത്രങ്ങൾ ധവാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെയ്ക്കുകയും ചെയ്തു. കോളനി സന്ദർശിച്ചതിൽ താൻ സന്തുഷ്ടനാണെന്ന് ധവാൻ ചിത്രങ്ങളോടൊപ്പമുള്ള കുറിപ്പിൽ പറയുന്നു.

Content Highlights: Shikhar Dhawan visits refugees living in Delhi from Pakistan