ന്യൂഡല്‍ഹി: മലയാളി താരം സഞ്ജു വി. സാംസണ് വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി 20 ടീമിലേക്കും വിളിവരാന്‍ സാധ്യത. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തിനിടെ ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിക്കേറ്റതോടെയാണ് സഞ്ജുവിന് ടീമിലേക്ക് വീണ്ടും വിളിവരാന്‍ സാധ്യത തെളിയുന്നത്. 

ഡല്‍ഹി - മഹാരാഷ്ട്ര മത്സരത്തില്‍ ക്രീസിലേക്ക് ഡൈവ് ചെയ്യുന്നതിനിടെ ധവാന്റെ തുടയ്ക്ക് പരിക്കേല്‍ക്കുകയായിരുന്നു. തുടയ്‌ക്കേറ്റ മുറിവില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. കഴിഞ്ഞ ഐ.പി.എല്‍ ഫൈനലില്‍ ചെന്നൈ സൂപ്പര്‍ കിങ്സ് താരം ഷെയ്ന്‍ വാട്ട്‌സണ് സംഭവിച്ച പരിക്കിന് സമാനമാണ് ധവാന്റെ പരിക്കും. ഇതോടെയാണ് സഞ്ജു ടീമിലെത്താന്‍ സാധ്യത തെളിയുന്നതെന്ന് ദ ഹിന്ദു റിപ്പോല്‍ട്ട് ചെയ്യുന്നു.

നേരത്തെ നാല് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരമ്പരയ്ക്കുള്ള ടീമില്‍ ഉള്‍പ്പെടുത്തിയ സഞ്ജുവിന് പക്ഷേ ഒരു മത്സരം പോലും കളിക്കാന്‍ സാധിച്ചിരുന്നില്ല. മൂന്നു മത്സരങ്ങളിലും സൈഡ് ബെഞ്ചിലായിരുന്നു മലയാളി താരത്തിന്റെ സ്ഥാനം. ഇതിന് പിന്നാലെ വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി-20, ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചു. എന്നാല്‍ സഞ്ജുവിനെ പരിഗണിച്ചില്ല. എം.എസ്.കെ പ്രസാദിന്റെ നേതൃത്വത്തില്‍ നടന്ന സെലക്ഷന്‍ കമ്മിറ്റിയുടെ അവസാന യോഗത്തില്‍ സഞ്ജു പുറത്താകുകയായിരുന്നു.

ആഭ്യന്തര ക്രിക്കറ്റിലും ഐ.പി.എല്ലിലും മികച്ച പ്രകടനം പുറത്തെടുത്തിട്ടും സഞ്ജുവിനെ അവഗണിക്കുന്നത് മലയാളി ആരാധകര്‍ക്കിടയില്‍ അമര്‍ഷമുണ്ടാക്കി. ഇവര്‍ സോഷ്യല്‍ മീഡിയയില്‍ സെലക്ഷന്‍ കമ്മിറ്റിക്കെതിരേ പരസ്യമായി രംഗത്തെത്തുകയും ചെയ്തു. ബി.സി.സി.ഐയെ ചോദ്യം ചെയ്തുകൊണ്ടുള്ള പോസ്റ്റുകളും പ്രത്യക്ഷപ്പെട്ടു.

ഡിസംബര്‍ ആറിന് ഹൈദരാബാദിലാണ്  ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരം. ഡിസംബര്‍ എട്ടിനാണ് തിരുവനന്തപുരത്തെ മത്സരം. 11-ന് മുംബൈയിലാണ് അവസാന മത്സരം. ഇതിനു പിന്നാലെ ഡിസംബര്‍ 15 മുതല്‍ ഏകദിന പരമ്പര തുടങ്ങും.

Content Highlights: shikhar dhawan ruled out sanju Samson likely replacement