പുണെ: 2020 ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ തിരഞ്ഞെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യയുടെ സെലക്ഷന്‍ കമ്മിറ്റിയും ബി.സി.സി.ഐയും. ഇന്ത്യയുടെ മൂന്ന് ഓപ്പണിങ് ബാറ്റ്‌സ്മാന്‍മാരും ഫോമിലാണ്. രോഹിത് ശര്‍മ്മയും കെ.എല്‍ രാഹുലും ശിഖര്‍ ധവാനും, ഇതില്‍ ആരെ കൊള്ളണമെന്നും ആരെ തള്ളണമെന്നുമുള്ള ആശയക്കുഴപ്പത്തിലാണ് ഇന്ത്യ.

പുണെയില്‍ നടന്ന ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ട്വന്റി-20യ്ക്ക് ശേഷം ശിഖര്‍ ധവാന്‍ ഈ ചോദ്യം നേരിട്ടു. ഇന്ത്യയുടെ വിജയത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരെ കാണുകയായിരുന്നു ധവാന്‍. അത് തന്റെ തലവേദന അല്ലെന്നും അതുകൊണ്ട് അതിനെ കുറിച്ച് കൂടുതലൊന്നും ആലോചിക്കുന്നില്ലെന്നും ധവാന്‍ വ്യക്തമാക്കി.

'മൂന്നു താരങ്ങളും മികച്ച രീതിയിലാണ് കളിക്കുന്നത്. രോഹിതിനെ സംബന്ധിച്ച് 2019 മനോഹരമായ വര്‍ഷമായിരുന്നു. കഴിഞ്ഞ മൂന്നു മാസമായി രാഹുലും ഫോമിലാണ്. ഇപ്പോള്‍ ഞാനും ചിത്രത്തിലെത്തി. മൂന്നാം ട്വന്റി-20യില്‍ മികച്ച പ്രകടനമാണ് ഞാനും പുറത്തെടുത്തത്. മൂന്നു താരങ്ങളും മികച്ച രീതിയില്‍ കളിക്കുന്നതിനാല്‍ ആരെ ടീമിലെടുക്കും എന്നതിനെ കുറിച്ച് ഞാന്‍ ആലോചിക്കുന്നില്ല. അത് എന്റെ കൈയില്‍ നില്‍ക്കുന്ന കാര്യമല്ല. എന്റെ തലവേദനയുമല്ല. എനിക്ക് ലഭിച്ച രണ്ട് അവസരങ്ങളും നന്നായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞതില്‍ഞാന്‍ സന്തുഷ്ടനാണ്.' ധവാന്‍ വ്യക്തമാക്കി. 

രണ്ടാം ട്വന്റി-20യില്‍ ധവാന്‍ 29 പന്തില്‍ 32 റണ്‍സാണെടുത്തത്. കെ.എല്‍ രാഹുലിനൊപ്പം 71 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. മൂന്നാം ട്വന്റി-20യില്‍ അര്‍ധ സെഞ്ചുറിയും കണ്ടെത്തി. 36 പന്തില്‍ നിന്ന് ഏഴു ഫോറും ഒരു സിക്‌സും സഹിതം 52 റണ്‍സാണെടുത്തത്. ഓപ്പണിങ് വിക്കറ്റില്‍ 97 റണ്‍സിന്റെ കൂട്ടുകെട്ടുമായി ഇന്ത്യയുടെ ഇന്നിങ്‌സിന് അടിത്തറയും നല്‍കി.

 

Content Highlights: Shikhar Dhawan Reacts To India's Problem Of Plenty At The Top