വാരാണസി: ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈയില്‍വെച്ച് ഭക്ഷണം നല്‍കിയ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശിഖര്‍ ധവാന്‍ കുഴപ്പത്തിലാക്കിയത് ബോട്ടുടമയെ.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കെ ദേശാടനപ്പക്ഷിക്കാണ് ധവാന്‍ കൈയില്‍ തീറ്റവെച്ച് നല്‍കിയത്. ഇതോടെ ബോട്ടുടമയ്‌ക്കെതിരേ വാരണാസി ജില്ലാ ഭരണകൂടം നടപടി സ്വീകരിച്ചു. അതേസമയം ധവാനെതിരേ നടപടിയൊന്നും എടുത്തിട്ടില്ല.

പക്ഷിപ്പനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ വിനോദ സഞ്ചാരത്തിനെത്തുന്നവര്‍ പക്ഷികള്‍ക്ക് കൈയില്‍ വെച്ച് ഭക്ഷണം നല്‍കുന്നത് വാരണാസി ജില്ലാ ഭരണകൂടം നിരോധിച്ചിട്ടുണ്ട്. ടൂര്‍ ഓപ്പറേറ്റര്‍മാരടക്കമുള്ളവര്‍ക്ക് ഇത് സംബന്ധിച്ച നിര്‍ദേശവും നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ധവാനില്‍ നിന്ന് ഇതിന് വിരുദ്ധമായ കാര്യമുണ്ടായതും താരത്തെ കൊണ്ടുപോയ ബോട്ടുടമയ്‌ക്കെതിരേ നടപടിയെടുത്തതും. 

ഇക്കാര്യം ടൂറിസ്റ്റുകളെ അറിയിക്കേണ്ടത് ബോട്ടുടമയുടെ കടമയാണെന്നും അത് പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടിയെടുത്തതെന്നും വാരാണസി ജില്ലാ മജിസ്‌ട്രേറ്റ് കൗശല്‍ രാജ് വ്യക്തമാക്കി.

Shikhar Dhawan feeds migratory birds Boatman in Varanasi penalised

വാരാണസിയില്‍ ബോട്ട് യാത്രക്കിടെ പക്ഷികള്‍ക്ക് കൈയില്‍വെച്ച് ഭക്ഷണം നല്‍കുന്ന ചിത്രം ധവാന്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെയാണ് ജില്ലാ ഭരണകൂടം ബോട്ടുടമയ്‌ക്കെതിരേ നടപടിയെടുത്തത്.

രാജ്യത്ത് ഇതുവരെ കേരളം, ഹരിയാന, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഛത്തീസ്ഗഡ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്.

Content Highlights: Shikhar Dhawan feeds migratory birds Boatman in Varanasi penalised