സെന്റ് ലൂസിയ:  മൂന്നാം ടെസ്റ്റിനിടെ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ടുമായി വാക്കു തര്‍ക്കത്തിലേര്‍പ്പെട്ട വിന്‍ഡീസ് പേസ് ബൗളര്‍ ഷാന്നന്‍ ഗബ്രിയേലിനെതിരേ ഐ.സി.സി നടപടി. ഷാന്നന്‍ കുറ്റക്കാരനാണെന്ന് വിധിച്ച ഐ.സി.സി. പെരുമാറ്റച്ചട്ടത്തിലെ 2.13 വകുപ്പ് പ്രകാരമാണ് ഷാന്നനെതിരേ നടപടിയെടുത്തത്.  താരത്തെയോ അമ്പയറെയോ മാച്ച് റഫറിയേയോ അപമാനിച്ചാല്‍ ശിക്ഷ വിധിക്കുന്ന വകുപ്പാണിത്. 

ഇംഗ്ലണ്ടിന്റെ ഇന്നിങിസിനിടെയാണ് ക്രീസിലുണ്ടായിരുന്ന ജോ റൂട്ടിനെ ഷാന്നന്‍ പ്രകോപിപ്പിച്ചത്. ഇതിനിടെ മോശം വാക്കുകള്‍ ഉപയോഗിച്ചതിന് ഗബ്രിയേലിനെ അമ്പയര്‍മാരായ റോഡ് ടക്കറും കുമാര്‍ ധര്‍മസേനയും താക്കീത് ചെയ്യുകയും ചെയ്തു. 

വാക്കുതര്‍ക്കത്തിനിടെ 'സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല' എന്ന് റൂട്ട് ഗബ്രിയേലിനോട് പറയുന്നത് സ്റ്റംമ്പ് മൈക്ക് വ്യക്തമായി ഒപ്പിയെടുക്കുകയും ചെയ്തു. എന്നാല്‍ ഗബ്രിയേലിന്റെ വാക്കുകള്‍ വ്യക്തമായിരുന്നില്ല. ഇതിനു പിന്നാലെയാണ് ഗബ്രിയേലിനെ അമ്പയര്‍മാര്‍ താക്കീത് ചെയ്തത്. 

മൂന്നാം ദിനത്തില്‍ ഉച്ചയ്ക്കു ശേഷമായിരുന്നു സംഭവം. തന്റെ 16-ാം ടെസ്റ്റ് സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്നു റൂട്ട്. ഒരു ഓവര്‍ അവസാനിച്ച ശേഷം റൂട്ടിനടുത്തെത്തിയ ഗബ്രിയേല്‍ താരത്തോട് എന്തോ പറഞ്ഞു. ഇതിനു മറുപടിയായാണ് റൂട്ട് 'സ്വവര്‍ഗാനുരാഗിയാകുന്നതില്‍ തെറ്റൊന്നുമില്ല' എന്ന് റൂട്ട് തിരിച്ചു പറഞ്ഞത്. ഗബ്രിയേല്‍ പറഞ്ഞത് എന്താണെന്നു വ്യക്തമാക്കാന്‍ റൂട്ട് തയ്യാറായതുമില്ല. 

എന്നാല്‍ തന്നോട് പറഞ്ഞ കാര്യത്തിന് ഗബ്രിയേല്‍ പശ്ചാത്തപിക്കേണ്ടി വരുമെന്നായിരുന്നു റൂട്ടിന്റെ പ്രതികരണം. ഇക്കാര്യങ്ങള്‍ റൂട്ട് മാച്ച് ഓഫീഷ്യല്‍സിന് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത്തരം കാര്യങ്ങള്‍ കളിക്കളത്തില്‍ തന്നെ തീരേണ്ടതാണെന്നായിരുന്നു റൂട്ടിന്റെ അഭിപ്രായം. 

Content Highlights: Shannon Gabriel charged by ICC after apparent homophobic remark