സിഡ്‌നി: കോവിഡ് അനുഭവങ്ങള്‍ പങ്കുവെച്ച് ഓസ്‌ട്രേലിയയുടെ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍. പോസിറ്റീവ് ആയ ശേഷം ആദ്യ ദിവസങ്ങളില്‍ കടുത്ത തലവേദന അനുഭവപ്പെട്ടെന്നും പനി വരുമ്പോഴുള്ള വിറയല്‍ പോലെ ഉണ്ടായെന്നും വോണ്‍ പറയുന്നു. 

'രുചി നഷ്ടപ്പെട്ടു. ഭക്ഷണത്തോട് താത്പര്യമില്ലാതെയായി. നാല് ദിവസത്തോളം വേദന സഹിച്ചു. ആ സമയത്ത് എന്നെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ അത് എമര്‍ജന്‍സി വെന്റിലേറ്റര്‍ ആയിരുന്നില്ല. അതിനുശേഷം എല്ലാം സുഖമായി. രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ച ശേഷമാണ് കോവിഡ് വന്നത്.' -ദി ഹെറാര്‍ഡ് സണ്ണിന് നല്‍കിയ അഭിമുഖത്തില്‍ 52-കാരനായ വേണ്‍ പറയുന്നു. 

15 വര്‍ഷത്തോളം നീണ്ട കരിയറില്‍ ഓസ്‌ട്രേലിയക്കായി 145 ടെസ്റ്റുകളും 194 ഏകദിനങ്ങളും വോണ്‍ കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 708 വിക്കറ്റും ഏകദിനത്തില്‍ 293 വിക്കറ്റും സ്വന്തമാക്കി. 2007 ജനുവരിയിലാണ് വോണ്‍ ഓസ്‌ട്രേലിയന്‍ ജഴ്‌സിയിലെ അവസാന അന്താരാഷ്ട്ര മത്സരം കളിച്ചത്. 

Content Highlights: Shane Warne shares his ordeal after he was infected with Covid 19