സിഡ്‌നി: മുന്‍ പാക് ക്രിക്കറ്റ് നായകന്‍ സലീം മാലിക്കിനെതിരേ ഗുരുതര ആരോപണവുമായി ഓസ്ട്രേലിയന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണ്‍ രംഗത്ത്. പാകിസ്താനെതിരായ ടെസ്റ്റില്‍ മോശം പ്രകടനം പുറത്തെടുക്കാന്‍ മാലിക് ഒന്നര കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തു എന്നാണ് വോണിന്റെ ആരോപണം. 1994-ല്‍ നടന്ന കറാച്ചി ടെസ്റ്റിന്റെ നാലാം ദിവസമായിരുന്നു സംഭവം. ആമസോണ്‍ പ്രൈമില്‍ സംപ്രേഷണം ചെയ്യാനിരിക്കുന്ന ഡോക്യുമെന്ററിയിലാണ് വോണിന്റെ ഈ വെളിപ്പെടുത്തല്‍.

'ഞങ്ങള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു. ഇതിനിടയില്‍ മാലിക് എന്നെ കാണണമെന്ന് അഭ്യര്‍ഥിച്ചു. ഞാന്‍ അദ്ദേഹത്തിന്റെ മുറിയിലെത്തി. നല്ലൊരു മത്സരമാണല്ലോ നടക്കുന്നത് എന്ന് മാലിക് പറഞ്ഞു. അതെ, നാളെ ഞങ്ങള്‍ ജയിക്കുമെന്ന് ഉറപ്പാണെന്ന് ഞാന്‍ മറുപടിയും നല്‍കി.

പാകിസ്താന്‍ തോറ്റാല്‍ തങ്ങളുടേയും ബന്ധുക്കളുടേയുമെല്ലാം വീട് അഗ്നിക്കിരയാകുമെന്ന് മാലിക് പറഞ്ഞു. ഞാനും റൂമിലെ സഹതാരം ടിം മേയും മോശം കളി പുറത്തെടുക്കണമെന്നും അതിന് ഒന്നര കോടി രൂപ നല്‍കാമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് എങ്ങനെ പ്രതികരിക്കണമെന്ന് എനിക്ക് ആ സമയത്ത് അറിയില്ലായിരുന്നു. ഞെട്ടിപ്പോയ ഞാന്‍ മാലികിനെ തെറി വിളിച്ച് അദ്ദേഹത്തിന്റെ റൂമില്‍ നിന്ന് ഇറങ്ങിപ്പോയി. അന്ന് മത്സരം ഒത്തുകളിക്കുക എന്നത് കേട്ടുകേള്‍വി ഇല്ലാത്ത കാര്യമായിരുന്നു. സംഭവം ടീം മാനേജ്‌മെന്റിനെ അറിയിച്ചു. ടിം മെയ് ഇക്കാര്യം പരിശീലകന്‍ ബോബ് സിംപ്‌സണേയും ക്യാപ്റ്റന്‍ മാര്‍ക്ക് ടെയ്‌ലറേയും അറിയിച്ചിരുന്നതായും വോണ്‍ വ്യക്തമാക്കുന്നു. 

ആ മത്സരത്തില്‍ പക്ഷേ ഭാഗ്യം പാകിസ്താന് ഒപ്പമായിരുന്നു. മനോഹരമായി തിരിച്ചുവന്ന പാകിസ്താന്‍ ഒരു വിക്കറ്റിന് വിജയിച്ചു. ഇന്‍സമാമുല്‍ ഹഖും മുഷ്താഖ് അഹമ്മദും ചേര്‍ന്ന് പടുത്തുയര്‍ത്തിയ 57 റണ്‍സിന്റെ കൂട്ടുകെട്ടാണ് അവര്‍ക്ക് വിജയമൊരുക്കിയത്. 150 റണ്‍സ് വഴങ്ങി എട്ടു വിക്കറ്റെടുത്ത വോണ്‍ ആയിരുന്നു കളിയിലെ താരം. 

പിന്നീട് ഒത്തുകളിയെ തുടര്‍ന്ന് സലീം മാലിക്കിന് 2000-ത്തില്‍ ക്രിക്കറ്റില്‍ നിന്ന് ആജീവനാന്ത വിലക്ക് ലഭിച്ചു. പാകിസ്താനായി 103 ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 15 സെഞ്ചുറി ഉള്‍പ്പെടെ 5768 റണ്‍സും 283 ഏകദിനങ്ങളില്‍ നിന്ന് 7170 റണ്‍സും മാലിക് അടിച്ചെടുത്തിട്ടുണ്ട്.

Content Highlights: Shane Warne makes huge claim against former Pakistan captain Saleem Malik