-
മാഞ്ചെസ്റ്റർ: ടെസ്റ്റിൽ ലോകത്തു തന്നെ ബാറ്റ് ചെയ്യാൻ ഏറ്റവും പ്രയാസമേറിയ സ്ഥലങ്ങളിൽ ഒന്നാണ് ഇംഗ്ലണ്ടിലെ മൈതാനങ്ങൾ. പേസും സ്വിങ്ങും ഒളിപ്പിച്ചുവെച്ച ഇംഗ്ലീഷ് പിച്ചുകൾ ഏതൊരു ബാറ്റ്സ്മാന്റെയും പേടിസ്വപ്നമാണ്. പ്രത്യേകിച്ചും ഇംഗ്ലീഷ് പേസർമാരുടെ മൂളിപ്പറക്കുന്ന പന്തുകൾ നേരിടേണ്ടി വരുന്ന ഓപ്പണർമാരുടെ.
എന്നാൽ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം സ്വന്തമാക്കിയത് പാക് ഓപ്പണർ ഷാൻ മസൂദായിരുന്നു. ക്ഷമയുടെ പര്യായമായി മാറിയ ഇന്നിങ്സിലൂടെ ഷാൻ പാകിസ്താനെ മികച്ച സ്കോറിലെത്തിച്ചു. 251 പന്തിൽ നിന്ന് മൂന്നക്കം തികച്ച താരം 319 പന്തുകൾ നേരിട്ട് 18 ഫോറും രണ്ടു സിക്സുമുൾപ്പെടെ 156 റൺസെടുത്ത് ഒമ്പതാമനായാണ് പുറത്തായത്.
ടെസ്റ്റിൽ അദ്ദേഹത്തിന്റെ തുടർച്ചയായ മൂന്നാം സെഞ്ചുറിയാണിത്. ടെസ്റ്റിൽ തുടർച്ചയായി മൂന്നു സെഞ്ചുറികൾ നേടുന്ന രണ്ടാമത്തെ മാത്രം പാക് ഓപ്പണറെന്ന നേട്ടവും ഇതോടെ ഷാനിന് സ്വന്തമായി. 1983-ൽ മുദസ്സർ നാസറാണ് ആദ്യം ഈ നേട്ടത്തിലെത്തിയ പാക് ഓപ്പണർ.
അതോടൊപ്പം 1996-ൽ സയീദ് അൻവറിനു ശേഷം ഇംഗ്ലണ്ട് മണ്ണിൽ സെഞ്ചുറി നേടുന്ന ആദ്യ പാക് ഓപ്പണറും ഷാൻ ആണ്. അൻവറിന്റെ നേട്ടത്തിനു ശേഷം 24 വർഷം പിന്നിട്ടാണ് ഒരു പാക് താരത്തിന് ഈ നേട്ടത്തിലെത്താൻ സാധിച്ചത്.
2010-ന് ശേഷം ടെസ്റ്റിൽ ഇംഗ്ലണ്ടിൽ സെഞ്ചുറി നേടുന്ന ആറാമത്തെ ഏഷ്യൻ ഓപ്പണറാണ് ഷാൻ മസൂദ്. രാഹുൽ ദ്രാവിഡ്, മുരളി വിജയ്, കെ.എൽ രാഹുൽ, തമീം ഇക്ബാൽ, തിലകരത്നെ ദിൽഷൻ എന്നിവരാണ് ഇക്കാലയളവിൽ ഇംഗ്ലണ്ട് മണ്ണിൽ മൂന്നക്കം കടന്ന മറ്റ് ഏഷ്യൻ ഓപ്പണർമാർ.
Content Highlights: Shan Masood first Pakistan opener after 24 years to score hundred in England
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..