ധാക്ക: കൊല്‍ക്കത്തയില്‍ നടന്ന കാളി പൂജയില്‍ പങ്കെടുത്തിന് ബംഗ്ലാദേശ് ഓള്‍റൗണ്ടര്‍ ഷാക്കിബ് അല്‍ ഹസന് നേരെ വധഭീഷണി. സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം രൂക്ഷമായതോടെ താരം ഒടുവില്‍ മാപ്പപേക്ഷയുമായി രംഗത്തെത്തി. 

നവംബര്‍ 12-നാണ് കൊല്‍ക്കത്തയിലെ കാകുറഗാച്ചിയില്‍ നടന്ന കാളിപൂജയില്‍ ഷാക്കിബ് പങ്കെടുത്തത്. ഇതിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ ഒരു യുവാവ് ഫേസ്ബുക്ക് ലൈവിലെത്തി ഷാക്കിബിനെ വെട്ടിനുറുക്കുമെന്ന് ഭീഷണി മുഴക്കുകയായിരുന്നു. 

ബംഗ്ലാദേശിലെ സിലെട്ട് സ്വദേശിയായ മൊഹ്‌സിന്‍ തലുക്ദര്‍ എന്ന ഈ യുവാവിനെ പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. കാളിപൂജയില്‍ പങ്കെടുത്തതിന് സോഷ്യല്‍ മീഡിയയിലൂടെ മറ്റ് പലരും താരത്തിനെതിരേ കടുത്ത വിമര്‍ശനങ്ങളുയര്‍ത്തിയിരുന്നു.

ഇതിനു പിന്നാലെയാണ് താരം മാപ്പപേഷയുമായി രംഗത്തെത്തിയത്. തന്റെ പ്രവൃത്തി മുസ്ലീം സമുദായത്തില്‍പ്പെട്ട ആരുടെയെങ്കിലും വികാരത്തെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കില്‍ അവരോട് മാപ്പു ചോദിക്കുന്നതായി ഷാക്കിബ് പറഞ്ഞു. 

''ഒരിക്കലും എന്റെ സ്വന്തം മതത്തെ മോശമായി കാണിക്കണമെന്ന് ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ഇസ്ലാം സമാധാനത്തിന്റെ മതമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇസ്ലാമിലെ എല്ലാ ആചാരങ്ങളും പിന്തുടരാന്‍ ഞാന്‍ എപ്പോഴും ശ്രമിക്കാറുണ്ട്. കൊല്‍ക്കത്ത എന്റെ വീടു പോലെയാണ്. അവിടം സന്ദര്‍ശിക്കാനുള്ള ഒരു അവസരവും ഞാന്‍ നഷ്ടപ്പെടുത്താറില്ല. വിവിധ മതത്തിലുള്ള ആളുകള്‍ തമ്മിലുള്ള ബന്ധം ദൃഢമായി നിലനില്‍ക്കണമെന്ന് നാമെല്ലാം പ്രാര്‍ഥിക്കണം.'' - ഷാക്കിബ് പറഞ്ഞു.

Content Highlights: Shakib Al Hasan faces death threats for attending Kali Puja apologises later