ന്യൂഡൽഹി: ഇന്ത്യയ്ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമെതിരേ വിദ്വേഷ പ്രസ്താവന നടത്തിയ പാകിസ്താന്റെ മുൻ ക്രിക്കറ്റ് കാരം ഷാഹിദ് അഫ്രീദിക്കെതിരേ ഇന്ത്യൻ താരങ്ങളായ ഹർഭജൻ സിങ്ങും ഗൗതം ഗംഭീറും രംഗത്ത്. ഇന്ന് ഈ ലോകം ഒരു വലിയ രോഗത്തിന്റെ പിടിയിലാണെന്നും എന്നാൽ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണെന്നും അഫ്രീദി പറഞ്ഞിരുന്നു. പാക്  അധീന കശ്മീർ സന്ദർശിച്ചപ്പോഴായിരുന്നു അഫ്രീദിയുടെ ഈ വിദ്വേഷപ്രസംഗം.

അഫ്രീദി നടത്തിയ പരാമർശങ്ങൾ അസ്വസ്ഥപ്പെടുത്തുന്നതാണെന്നും ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരുവിധ സഹകരണത്തിനുമില്ലെന്നും ഹർഭജൻ വ്യക്തമാക്കി. നേരത്തെ കോവിഡ്-19 പ്രതിരോധ രംഗത്തുള്ള അഫ്രീദിയേയും അഫ്രീദി ഫൗണ്ടേഷനേയും ഹർഭജൻ സിങ്ങ് സഹായിച്ചിരുന്നു. ഇതിന്റെ പേരിൽ ആരാധകരുടെ രൂക്ഷവിമർശനത്തിന് ഹർഭജൻ ഇരയാവുകയും ചെയ്തിരുന്നു.

'ജനങ്ങൾ ദുരിതത്തിലായ സമയത്ത് അവർക്ക് കൈത്താങ്ങാവണമെന്ന ആഗ്രഹത്തോടെയാണ് അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചത്. അതിർത്തിക്കും മതത്തിനും ജാതിക്കുമെല്ലാം അതീതമായ പോരാട്ടമാണ് കൊറോണ വൈറസിനെതിരേ വേണ്ടതെന്ന് നമ്മുടെ പ്രധാനമന്ത്രി പോലും കഴിഞ്ഞ ദിവസം പറഞ്ഞതാണ്. അതുകൊണ്ടുതന്നെ അഫ്രീദി ഫൗണ്ടേഷനെ സഹായിച്ചതിൽ സദുദ്ദേശം മാത്രമേ ഉണ്ടായിരുന്നുള്ളു. ഏറ്റവും ലളിതമായി പറഞ്ഞാൽ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കുക എന്നത് മാത്രം. എന്നാൽ പാക് അധീന കശ്മീരിൽ വന്ന് അഫ്രീദി നടത്തിയ പ്രസ്താവനകൾ അതിരു ലംഘിക്കുന്നതാണ്. ഇനിയങ്ങോട്ട് അഫ്രീദിയുമായി യാതൊരു സഹകരണത്തിനുമില്ലെന്ന് ഇതിനാൽ വ്യക്തമാക്കുന്നു. നമ്മുടെ രാജ്യത്തെ കുറിച്ച് മോശം പറയാൻ അഫ്രീദിക്ക് യാതൊരു അവകാശവുമില്ല. അയാൾ സ്വന്തം രാജ്യത്തിന്റെ പരിധിക്കുള്ളിൽ നിൽക്കുന്നതാണ് നല്ലത്.'ഹർഭജൻ വ്യക്തമാക്കി.

'ഈ രാജ്യത്താണ് ഞാൻ ജനിച്ചത്. ഇവിടത്തന്നെ മരിക്കുകയും ചെയ്യും. 20 വർഷത്തോളം രാജ്യത്തിനായി കളിച്ചു. ഒട്ടേറെ മത്സരങ്ങളിൽ വിജയവും നേടിക്കൊടുത്തു. എന്റെ രാജ്യത്തിന് എതിരായി ഞാൻ എന്തെങ്കിലും ചെയ്തെന്ന് ആരെങ്കിലും പറയുമെന്ന് തോന്നുന്നില്ല. എന്നെക്കൊണ്ട് രാജ്യത്തിന് എന്തെങ്കിലും ആവശ്യം വന്നാൽ, അതിപ്പോൾ അതിർത്തി കാക്കാനായാലും ആദ്യം തോക്കെടുക്കുന്നത് ഞാനായിരിക്കും'-ഹർഭജൻ കൂട്ടിച്ചേർത്തു.

അതേസമയം അഫ്രീദിയുടെ പ്രസ്താവനകളെ വിമർശിച്ച ഗംഭീർ ബംഗ്ലാദേശിന്റെ കാര്യം ഓർമയിലുണ്ടാകണമെന്നും അഫ്രീദിയെ പരിഹസിച്ചു. ഏഴു ലക്ഷത്തോളം വരുന്ന പാകിസ്താൻ ആർമിക്ക് പാകിസ്താനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ടെന്ന അഫ്രീദിയുടെ പ്രസ്താവനയെയും ഗംഭീർ പരിഹസിച്ചു. '20 കോടി ജനങ്ങളുടെ പിന്തുണയുള്ള ഏഴു ലക്ഷം സൈനികർ പാകിസ്താനിലുണ്ടെന്നാണ് 16 വയസ്സുകാരനായ (അഫ്രീദിയുടെ പ്രായവുമായി ബന്ധപ്പെട്ട വിവാദം പരാമർശിച്ച്) അഫ്രീദിയുടെ അവകാശവാദം. എന്നിട്ടും 70 വർഷമായി അവർ കശ്മീരിന് വേണ്ടി യാചിച്ചുകൊണ്ടിരിക്കുകയാണ്. അഫ്രീദി, ഇമ്രാൻ ഖാൻ, ബജ്വ തുടങ്ങിയവർ ഇന്ത്യക്കും മോദിക്കുമെതിരേ വിഷം തുപ്പി പാകിസ്താനിലെ ജനങ്ങളെ കബളിപ്പിക്കുമായിരിക്കും. എങ്കിലും വിധി വരുന്ന ദിവസം കശ്മീർ കിട്ടുമെന്ന് കരുതേണ്ട. ബംഗ്ലാദേശ് ഓർമയുണ്ടല്ലോ അല്ലേ?-ഗംഭീർ ട്വീറ്റ് ചെയ്തു.

പാക് അധീന കശ്മീർ സന്ദർശിച്ച അവസരത്തിലാണ് അഫ്രീദി ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയത്. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിരവധി പേർ പങ്കുവെച്ചിട്ടുണ്ട്. ' ഇന്നിതാ ഞാൻ നിങ്ങളുടെ സുന്ദരമായ ഗ്രാമത്തിലെത്തിയിരിക്കുന്നു. നിങ്ങളെ സന്ദർശിക്കണമെന്ന് കുറേകാലമായി ആഗ്രഹിക്കുന്നതാണ്. ഇന്ന് ലോകം വലിയ ഒരു രോഗത്തിന്റെ പിടിയിലാണ്. എന്നാൽ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാകിസ്താന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നത്. പക്ഷേ ഏഴു ലക്ഷം വരുന്ന പാക് ആർമിക്ക് പാകിസ്താനിലെ 20 കോടി ജനങ്ങളുടെ പിന്തുണയുണ്ട്. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണയ്ക്കുന്നത്.'-വീഡിയോയിൽ അഫ്രീദി പറയുന്നു.

Content Highlights: Shahid Afridi Speech Gautam Gambhir Harbhajan Singh