കറാച്ചി: ഹിന്ദു മതവിശ്വാസി ആയതിനാല്‍ ഡാനിഷ് കനേരിയക്ക് ചില ടീമംഗങ്ങളില്‍ നിന്ന് വിവേചനം നേരിട്ടിരുന്നുവെന്ന് കഴിഞ്ഞ ദിവസം പാകിസ്താന്റെ മുന്‍താരം ഷുഐബ് അക്തര്‍ വെളിപ്പെടുത്തിയിരുന്നു. പാക് ക്രിക്കറ്റിനെ പിടിച്ചുലച്ച വിവാദമായിരുന്നു അത്. പിന്നീട് തന്റെ നിലപാട് മയപ്പെടുത്തി അക്തര്‍ രംഗത്തെത്തുകയും ചെയ്തു. എന്നാല്‍ ഇതിന് പിന്നാലെ പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദിയും വിവാദത്തില്‍ അകപ്പെട്ടു.
കുറച്ച് വര്‍ഷം മുമ്പ് ഒരു പാക് ചാനലിന് അഫ്രീദി നല്‍കിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ടിവി പരമ്പര കണ്ട് മകള്‍ ആരതി ഉഴിയുന്നത് അനുകരിച്ചതിനാല്‍ വീട്ടിലെ ടെലിവിഷന്‍ തല്ലിപ്പൊട്ടിച്ചുവെന്നാണ് അഭിമുഖത്തില്‍ അഫ്രീദി പറയുന്നത്. ഇതുകേട്ട് അവതാരകയും കാണികളും ചിരിക്കുകയും കൈയടിക്കുകയും ചെയ്യുന്നുണ്ട്.
'കുട്ടികളുടെ മുന്നില്‍വെച്ച് ടിവി കാണരുതെന്ന് ഞാന്‍ ഭാര്യയോട് എപ്പോഴും പറയാറുണ്ട്. ഒറ്റക്ക് കണ്ടോളൂ എന്നും പറയാറുണ്ട്. ഒരു ദിവസം ഞാന്‍ മുറിയില്‍ നിന്ന് പുറത്തുവരുമ്പോള്‍ കണ്ടത് മകള്‍ ടിവി കാണുന്നതാണ്. അവള്‍ അതിലെ ആരതി ഉഴിയുന്ന രംഗം അനുകരിക്കുകയും ചെയ്യുന്നുണ്ട്. അന്ന് ദേഷ്യമടക്കാനാകാതെ ഞാന്‍ ടിവി തല്ലിപ്പൊട്ടിച്ചു. ഒരു ഇന്ത്യന്‍ പരമ്പരയിലെ രംഗമായിരുന്നു അത്'. അഭിമുഖത്തില്‍ അഫ്രീദി പറയുന്നു.
ഈ വീഡിയോ ട്വിറ്ററില്‍ വളരെ വേഗത്തില്‍ പ്രചരിച്ചു. ഇതാണ് പാകിസ്താനിലെ മതേതരത്വത്തിന്റെ യഥാര്‍ത്ഥ മുഖം എന്ന കുറിപ്പോടെയാണ് പലരും ഈ വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.
This is reality of secularism in Pakistan, TVs are broken for showing Hindu rituals & people applaud it pic.twitter.com/PXKcs5wcyf
— Amit Kumar Sindhi 🇮🇳 (@AMIT_GUJJU) December 28, 2019
Content Highlights: Shahid Afridi Says He Smashed TV After Daughter Imitated Aarti Scene