കറാച്ചി: കശ്മീര്‍ വിഷയത്തില്‍ നിലപാട് വ്യക്തമാക്കി പാകിസ്താന്റെ മുന്‍ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. കശ്മീര്‍ കശ്മീരികള്‍ക്ക് അവകാശപ്പെട്ടതാണെന്നാണ് അഫ്രീദിയുടെ നിലപാട്. പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കശ്മീര്‍ വിഷയത്തില്‍ കൂടുതല്‍ ഇടപെടലുകള്‍ നടത്തണമെന്നും ഇന്ത്യയും പാകിസ്താനും ഈ പ്രശ്‌നം ചര്‍ച്ച ചെയ്ത് പരിഹരിക്കണെന്നും അഫ്രീദി വ്യക്തമാക്കുന്നു. തന്റെ ആത്മകഥയായ 'ഗെയിം ചെയ്ഞ്ചറി'ന്റെ പ്രകാശനച്ചടങ്ങിലായിരുന്നു അഫ്രീദിയുടെ പ്രതികരണം.

'കശ്മീര്‍ കശ്മീരികള്‍ക്ക് അവകാശപ്പെട്ടതാണ്. ഇന്ത്യയ്‌ക്കോ പാകിസ്താനോ അവകാശപ്പെട്ടതല്ല. ഇനി അങ്ങനെ ഇരുരാജ്യങ്ങളും അവകാശം ഉന്നയിച്ചാല്‍ തന്നെ അതുസംബന്ധിച്ച് പിന്നീട് ചര്‍ച്ച ചെയ്യാം. അതിനേക്കാളെല്ലാം പരിഗണന നല്‍കേണ്ടത് കശ്മീര്‍ കശ്മീരികള്‍ക്കുള്ളതാണ് എന്ന കാര്യത്തിനാണ്.' അഫ്രീദി പറയുന്നു.

ഇന്ത്യയുടെ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ദ്ധമാനെ ഇന്ത്യയ്ക്ക് വിട്ടുനല്‍കിയ ഇമ്രാന്‍ ഖാന്റെ തീരുമാനത്തെ അഭിനന്ദിക്കാനും മുന്‍ പാക് താരം മറന്നില്ല. കശ്മീര്‍ വിഷയത്തില്‍ ഇമ്രാന്‍ ഖാന്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യേണ്ടിയിരിക്കുന്നു. ഈ പ്രശ്‌നം പരിഹരിക്കേണ്ടതുണ്ട്. കശ്മീരിലെ ജനങ്ങളെ നമ്മള്‍ സംരക്ഷിക്കണം. സമാധാനപ്രക്രിയയില്‍ അവരെ ഉള്‍പ്പെടുത്തണം. കശ്മീരികളേക്കാള്‍ വേദനയും പ്രതിസന്ധിയിലും ഇന്ത്യയിലുള്ളവര്‍ അനുഭവിക്കുന്നില്ല. അഫ്രീദി ചൂണ്ടിക്കാട്ടുന്നു.

Content Highlights: Shahid Afridi on Kashmir conflict