ഇസ്ലാമാബാദ്: നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിലുള്ളിടത്തോളം ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് ബന്ധം പുന:രാരംഭിക്കാനാകുമെന്ന് കരുതുന്നില്ലെന്ന് പാകിസ്താന്റെ മുൻതാരം ഷാഹിദ് അഫ്രീദി. ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിക്കാൻ അവസരമില്ലാത്തത് ബാബർ അസം ഉൾപ്പെടെയുള്ള പാകിസ്താൻ താരങ്ങളെ സംബന്ധിച്ച് കനത്ത നഷ്ടമാണെന്നും അഫ്രീദി അഭിപ്രായപ്പെട്ടു. അറബ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഫ്രീദി.

'ലോക ക്രിക്കറ്റിലെ ഏറ്റവും വലിയ ബ്രാൻഡുകളിലൊന്നാണ് ഐ.പി.എൽ. ബാബർ അസം ഉൾപ്പെടെയുള്ള താരങ്ങൾക്ക് അവിടെ കളിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ അതു വലിയൊരു അവസരമാകുമായിരുന്നു. ഐ.പി.എൽ മത്സരങ്ങളിലെ സമ്മർദ്ദ ഘട്ടങ്ങൾ കൈകാര്യം ചെയ്യുന്നതും മറ്റു രാജ്യങ്ങളിലെ താരങ്ങളുമായി ഡ്രസ്സിങ് റൂം പങ്കിടുന്നതുമെല്ലാം അവരെ കൂടുതൽ മികച്ച താരങ്ങളാക്കുമായിരുന്നു. അതുകൊണ്ടുതന്നെ പാക് താരങ്ങൾക്ക് വലിയൊരു അവസരമാണ് നഷ്ടമാകുന്നത്.' അഫ്രീദി വ്യക്തമാക്കുന്നു.

ഇന്ത്യയിൽ ക്രിക്കറ്റ് കളിക്കുന്നത് ഏറെ ആസ്വദിച്ചിട്ടുള്ള ആളാണ് താനെന്നും ഇന്ത്യയിലെ ജനങ്ങൾ എനിക്ക് നൽകിയിട്ടുള്ള സ്നേഹവും ആദരവും തുറന്നു പറയാറുണ്ടെന്നും അഫ്രീദി അഭിമുഖത്തിൽ വ്യക്തമാക്കുന്നു.

Content Highlights: Shahid Afridi, India Pakistan bilateral series