ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചത്താലത്തില്‍ ലോകകപ്പില്‍ പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്ന് മുന്‍ താരവും എം.പിയുമായ ഗൗതം ഗംഭീര്‍ ആവശ്യപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസം ഗംഭീര്‍ ഇക്കാര്യം ആവര്‍ത്തിച്ചു. മാഞ്ചസ്റ്ററില്‍ ജൂണ്‍ പതിനാറിന് നടക്കുന്ന പാകിസ്താനെതിരായ മത്സരത്തില്‍ നിന്ന് ഇന്ത്യ പിന്മാറണമെന്നാണ് ഗംഭീറിന്റെ ആവശ്യം.

എന്നാല്‍ ഇതിനെ രൂക്ഷമായി വിമര്‍ശിച്ച് പാകിസ്താന്റെ മുന്‍ ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി രംഗത്തെത്തി. 'ഗംഭീര്‍ പറഞ്ഞത് വിവേകപൂര്‍ണമായ അഭിപ്രായമാണെന്ന് നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? വിവേകമുള്ള ഏതെങ്കിലും മനുഷ്യന്‍ ഇങ്ങനെ പറയുമോ? വിദ്യാഭ്യാസമുള്ള ആരെങ്കിലും ഇങ്ങനെ സംസാരിക്കുമോ?' അഫ്രീദി ചോദിക്കുന്നു. ഒരു വാര്‍ത്താസമ്മേളനത്തിനിടെയായിരുന്നു അഫ്രീദിയുടെ പ്രതികരണം.

ഇത് ആദ്യമായല്ല അഫ്രീദിയും ഗംഭീറും കൊമ്പുകോര്‍ക്കുന്നത്. ഗംഭീറിനെതിരെ തന്റെ ആത്മകഥയായ ഗെയിം ചേഞ്ചറില്‍ അഫ്രീദി എഴുതിയിരുന്നു. ഗംഭീറിന് പെരുമാറ്റത്തില്‍ പ്രശ്‌നമുണ്ടെന്നും ഗംഭീറുമായുള്ള വൈരം വ്യക്തിപരമാണെന്നുമായിരുന്നു ആത്മകഥയില്‍ അഫ്രീദി എഴുതിയിരുന്നത്. മെഡിക്കല്‍ ടൂറിസത്തിന് പാക് പൗരന്‍മാര്‍ക്ക് ഇപ്പോഴും തങ്ങള്‍ വിസ അനുവദിക്കുന്നുണ്ട്. അഫ്രീദിയെ മാനസികാരോഗ്യ വിദഗ്ദ്ധന്റെ അടുത്തെത്തിക്കാന്‍ താന്‍ തയ്യാറാണെന്നും ഗംഭീര്‍ തിരിച്ചടിച്ചു. 

Content Highlights: Shahid Afridi Lashes Out At Gautam Gambhir