ഇസ്ലാമാബാദ്:ഇന്ത്യക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പരാമർശങ്ങൾ നടത്തി വിവാദത്തിലായ സംഭവത്തിൽ വിശദീകരണവുമായി പാകിസ്താൻ മുൻ ക്രിക്കറ്റ് താരം ഷാഹിദ് അഫ്രീദി. എല്ലാ കാര്യങ്ങൾക്കും മുകളിലാണ് മനുഷ്യത്വമെന്ന് വിശ്വസിക്കുന്നുവെന്നും അതുകൊണ്ടാണ് ഇന്ത്യയുൾപ്പെടെയുള്ള വിഷയങ്ങളിൽ പോലും താൻ അഭിപ്രായം പറയുന്നതെന്നും അഫ്രീദി വ്യക്തമാക്കി. ഒരാൾ എപ്പോഴും സത്യം പറഞ്ഞിരിക്കണമെന്നും അതുകൊണ്ട് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതു പ്രശ്നമില്ലെന്നും അഫ്രീദി കൂട്ടിച്ചേർത്തു. ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഫ്രീദി.

പാക് അധിനിവേശ കശ്മീർ സന്ദർശനത്തിനിടെയാണ് ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കുമെതിരേ അഫ്രീദി വിദ്വേഷ പ്രസംഗം നടത്തിയത്. ഇന്ന് ഈ ലോകം വലിയൊരു രോഗത്തിന്റെ പിടിയിലാണ്. പക്ഷേ അതിലും വലിയ രോഗം മോദിയുടെ മനസ്സിലാണ്. പാകിസ്താന്റെ ആകെ സൈനിക ബലമായ ഏഴു ലക്ഷം സൈനികരെയാണ് മോദി കശ്മീരിൽ വിന്യസിച്ചിരിക്കുന്നതെന്നും സന്ദർശനത്തിനിടെ അഫ്രീദി പ്രസംഗിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ത്യൻ താരങ്ങളായ ശിഖർ ധവാൻ, യുവരാജ് സിങ്ങ്, ഹർഭജൻ സിങ്ങ്, ഗൗതം ഗംഭീർ, സുരേഷ് റെയ്ന എന്നിവർ അഫ്രീദിക്കെതിരേ വിമർശനമുന്നയിച്ചിരുന്നു. അഫ്രീദിയും ഇമ്രാൻ ഖാനുമെല്ലാം ഇന്ത്യയ്ക്കും നരേന്ദ്ര മോദിക്കുമെതിരേ വിഷം തുപ്പി പാകിസ്താനിലെ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും വിധി ദിവസം വരെ കശ്മീർ പാകിസ്താന് കിട്ടുമെന്ന് കരുതേണ്ടെന്നുമായിരുന്നു ഗംഭീറിന്റെ പ്രതികരണം. ഇന്ത്യക്കായി തോക്കെടുക്കേണ്ടി വന്നാൽ അതുചെയ്യുന്ന ആദ്യത്തെയാൾ താനായിരിക്കുമെന്നും അഫ്രീദിയുമായി ഇനിയൊരു ബന്ധവുമില്ലെന്നായിരുന്നു ഹർഭജൻ സിങ്ങ് വ്യക്തമാക്കിയത്.

Content Highlights: Shahid Afridi is Forthright with Opinions on India and Kashmir