ഇസ്ലാമാബാദ്: ഇന്ത്യയിൽ ജനങ്ങളെ അടിച്ചമർത്തുകയാണെന്നും യുവരാജ് സിങ്ങും ഹർഭജൻ സിങ്ങും നിസ്സഹായരാണെന്നും അതിനാലാണ് തനിക്കെതിരേ സംസാരിച്ചതെന്നും പാകിസ്താന്റെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹിദ് അഫ്രീദി. കോവിഡ്-19 രോഗികളെ സഹായിക്കുന്നതിനായി തന്റെ ഫൗണ്ടേഷനെ പിന്തുണച്ച ഇരുവരോടും നന്ദിയുണ്ടായിരിക്കുമെന്നും അഫ്രീദി വ്യക്തമാക്കി. ഒരു പാക് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അഫ്രീദി.

ഇന്ത്യക്കെതിരേയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേയും പാക് അധിനിവേശ കശ്മീർ സന്ദർശിക്കുന്നതിനിടെ അഫ്രീദി വിമർശനമുന്നയിച്ചിരുന്നു. ഇന്ത്യയിലെ കശ്മീരികളും പാക് സൈന്യത്തെയാണ് പിന്തുണക്കുന്നതെന്നും അഫ്രീദി അവകാശപ്പെട്ടിരുന്നു. ഇതോടെ അഫ്രീദിക്കെതിരേ യുവരാജും ഹർഭജനും രംഗത്തെത്തിയിരുന്നു. അഫ്രീദിയുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിക്കുകയാണെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് അഫ്രീദി മറുപടിയുമായെത്തിയത്.

'ഹർഭജനും യുവരാജും ഇന്ത്യയിലാണ് ജീവിക്കുന്നത്. അവർ നിസ്സഹായരാണ്. ഇന്ത്യയിൽ ജനങ്ങളെ അടിച്ചമർത്തുകയാണെന്ന് അവർക്ക് അറിയാം. അടുത്തിടെയുണ്ടായ തർക്കങ്ങൾക്ക് കാരണം അവരുടെ മുകളിലുള്ള ബലപ്രയോഗമാണ്. ഇതിൽ കൂടുതലൊന്നും എനിക്ക് പറയാനില്ല.' അഭിമുഖത്തിൽ അഫ്രീദി പറയുന്നു.

Content Highlights: Shahid Afridi, Yuvraj Singh and Harbhajan Singhs