ഇസ്ലാമാബാദ്: പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് പിന്തുണയുമായി മുന്‍ പാക് താരം ഷാഹിദ് അഫ്രീദി. 

കാര്യങ്ങളെല്ലാം കൃത്യവും വ്യക്തവുമാണെന്ന കുറിപ്പോടെ ഇമ്രാന്‍ ഖാന്റെ വീഡിയോ അഫ്രീദി ട്വിറ്ററില്‍ പങ്കുവയ്ക്കുകയായിരുന്നു. 

പുല്‍വാമ ഭീകരാക്രമണത്തില്‍ പാകിസ്താന് പങ്കില്ലെന്നും ഇന്ത്യ തെളിവ് നല്‍കിയാല്‍ നടപടിയെടുക്കാമെന്നുമാണ് ഇമ്രാന്‍ ഖാന്‍ ഈ വീഡിയോയിൽ പറഞ്ഞത്. തെളിവുകളില്ലാതെയാണ് ഇന്ത്യ പാകിസ്താനെ കുറ്റപ്പെടുത്തുന്നതെന്നും പാകിസ്താനെ ആക്രമിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും ഇമ്രാന്‍ ഖാന്‍ പറഞ്ഞിരുന്നു. ഇത് പുതിയ പാകിസ്താനാണെന്നും മറ്റു രാജ്യങ്ങളെ ആക്രമിക്കുക എന്നത് തങ്ങളുടെ ലക്ഷ്യമില്ലെന്നും ഇമ്രാന്‍ ഖാന്‍ അവകാശപ്പെട്ടു.

tweet

ഇത്തരം ഭീകരാക്രമണങ്ങള്‍ കൊണ്ട് പാകിസ്താന് എന്താണ് നേട്ടമെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണഗതിയിലായിക്കൊണ്ടിരിക്കെ ഇത്തരമൊരു ആക്രമണത്തിന് പാകിസ്താന്‍ തയ്യാറാവുമോ എന്നും ഇമ്രാന്‍ ചോദിച്ചിരുന്നു. 

രാജ്യത്തെ നടുക്കിയ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്വം പാക് ആസ്ഥാനമായ ജെയ്‌ഷെ മുഹമ്മദ് ഭീകര സംഘടന ഏറ്റെടുത്തിരുന്നു. പുല്‍വാമ ഭീകരാക്രമണം നടത്താന്‍ മസൂദ് അസര്‍ നിര്‍ദേശം നല്‍കിയത് പാകിസ്താനിലെ സൈനിക ആശുപത്രിയില്‍ നിന്നാണ് എന്നത് അടക്കമുള്ള വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനെല്ലാം പിന്നാലെയാണ് ഇമ്രാന്‍ ഖാന്‍ പ്രതികരണവുമായി രംഗത്തെത്തിയത്.

Content Highlights: Shahid Afridi backs Pakistan PM Imran Khan’s statement on Pulwama attack