ധാക്ക: ബംഗ്ലാദേശിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിനിടെ അഫീഫ് ഹുസൈനിനെ അനാവശ്യമായി എറിഞ്ഞിട്ട പാകിസ്താന്‍ പേസ് ബൗളര്‍ ഷഹീന്‍ അഫ്രീദിയ്ക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐ.സി.സിയുടെ താക്കീത്. 

ദേഷ്യം പൂണ്ട് അഫീഫിനെയെറിഞ്ഞ അഫ്രീദിയ്ക്ക് ഐ.സി.സി പിഴ ചുമത്തി. മാച്ച് ഫീയുടെ 15 ശതമാനം തുക അടയ്ക്കണമെന്നാണ് അഫ്രീദിയോട് ഐ.സി.സി ആവശ്യപ്പെട്ടിരിക്കുന്നത്. അഫ്രീദിയുടെ പെരുമാറ്റം അപകടകരമായിരുന്നുവെന്ന് ഐ.സി.സി. കണ്ടെത്തി. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് അഫ്രീദിയ്ക്ക് സംഘടനയുടെ താക്കീത് ലഭിക്കുന്നത്. അതുകൊണ്ടാണ് താരത്തിന് പിഴയിളവ് ലഭിച്ചത്. അല്ലെങ്കില്‍ മാച്ച് ഫീയുടെ 50 ശതമാനം അടയ്‌ക്കേണ്ടി വന്നേനേ. 

കഴിഞ്ഞ ദിവസം ധാക്ക ഷേര്‍ ബംഗ്ലാ സ്റ്റേഡിയത്തില്‍ നടന്ന പരമ്പരയിലെ രണ്ടാം ട്വന്റി 20 മത്സരത്തിനിടെയായിരുന്നു സംഭവം.  ഷഹീന്‍ എറിഞ്ഞ മത്സരത്തിലെ മൂന്നാം ഓവറില്‍ അഫീഫ് സിക്സര്‍ നേടിയിരുന്നു. തൊട്ടടുത്ത പന്ത് പ്രതിരോധിച്ച അഫീഫ് സിംഗിളിന് ഒന്ന് ശ്രമിക്കുക പോലും ചെയ്തില്ല. 

പക്ഷേ ദേഷ്യം സഹിക്കാന്‍ സാധിക്കാതിരുന്ന അഫ്രീദി പന്തെടുത്ത് ഉടന്‍ തന്നെ അഫീഫിന് നേരേ എറിയുകയാണുണ്ടായത്. ഈ സമയം അഫീഫ് ക്രീസിനുള്ളിലുമായിരുന്നു. പന്ത് തട്ടിയ ഉടന്‍ തന്നെ ബാറ്റര്‍ ക്രീസില്‍ വീണു. 

അഫീഫിന്റെ കാലില്‍ മുട്ടിന് താഴെയാണ് പന്ത് വന്നിടിച്ചത്. ഉടന്‍ പാക് താരങ്ങളെല്ലാം അഫീഫിനടുത്തെത്തി. ഷഹീനും താരത്തിനടുത്തെത്തി ക്ഷമാപണം നടത്തുകയും ചെയ്തു.

Content Highlights: Shaheen Shah Afridi found guilty of breaching ICC Code of Conduct