Photo: PTI
ന്യൂഡല്‍ഹി: റെസ്ലിങ് ഫെഡറേഷന് ഓഫ് ഇന്ത്യ (ഡബ്ല്യു.എഫ്.ഐ.) പ്രസിഡന്റ് ബ്രിജ് ഭൂഷന് ശരണ്‍ സിങ്ങിനെതിരേ ഗുസ്തിതാരങ്ങള്‍ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന് (ഐ.ഒ.എ.) പരാതി നല്കി.
'രാജ്യത്തെ എല്ലാ ഗുസ്തിക്കാര്‍ക്കും വേണ്ടി' എന്ന മുഖവുരയോടെയാണ് ഒളിമ്പ്യന്‍കൂടിയായ അസോസിയേഷന് പ്രസിഡന്റ് പി.ടി. ഉഷയ്ക്ക് മെഡല്‍ജേതാക്കളായ അഞ്ച് ഗുസ്തിതാരങ്ങള്‍ പരാതിനല്‍കിയത്. ഒട്ടേറെ യുവതാരങ്ങള്‍ ലൈംഗികാതിക്രമപരാതികള്‍ തങ്ങളെ അറിയിച്ചതായി പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. ടോക്യോ ഒളിമ്പിക്സില്‍ ഒരു മെഡല്‍ നഷ്ടമായപ്പോള്‍, തന്നെ ഫെഡറേഷന് പ്രസിഡന്റ് മാനസികമായി പീഡിപ്പിക്കുകയും പ്രയാസപ്പെടുത്തുകയും ചെയ്തെന്ന് വിനേഷ് ഫോഗട്ട് പറഞ്ഞു. ആത്മഹത്യയുടെ വക്കോളമെത്തിയിരുന്നുവെന്നും പരാതിയില്‍ പറഞ്ഞു.
ഫെഡറേഷനിലെ സാമ്പത്തികക്രമക്കേടുകളും പരാതിയിലുന്നയിച്ചിട്ടുണ്ട്. ടാറ്റ മോട്ടോഴ്സില്‍നിന്ന് സ്പോണ്‍സര്‍ഷിപ്പിനായി ചില മുതിര്ന്നതാരങ്ങള്ക്ക് കരാറുണ്ടായിരുന്നെങ്കിലും ഫെഡറേഷന് തുക പൂര്‍ണമായി നല്‍കിയിട്ടില്ല. ദേശീയക്യാമ്പില്‍ ഫെഡറേഷന് പ്രസിഡന്റ് നിയമിച്ച പരിശീലകര്‍ക്ക് യോഗ്യതയില്ല. പ്രസിഡന്റിനായി ചാരവൃത്തിചെയ്യുന്ന ഇത്തരക്കാര്‍ ക്യാമ്പിലെ അന്തരീക്ഷം മോശമാക്കുകയാണ്. വളരെയേറെ ധൈര്യം സംഭരിച്ചാണ് പ്രതിഷേധവുമായി മുന്നോട്ടുവന്നത്. ജീവനില്‍ ഭയമുണ്ട്. ബ്രിജ് ഭൂഷണ് സിങ്ങിനെ നീക്കിയില്ലെങ്കില്‍ പ്രതിഷേധത്തില്‍ പങ്കെടുത്ത എല്ലാ യുവതാരങ്ങളുടെയും കായികഭാവി അവസാനിക്കും. സമരത്തില്‍ രാഷ്ട്രീയപ്പാര്‍ട്ടികളുടെയോ വ്യവസായികളുടെയോ ഇടപെടലുകളില്ല. വളര്‍ന്നുവരുന്ന കളിക്കാര്‍ക്ക് സുരക്ഷിതമായ അന്തരീക്ഷം ഒരുക്കിനല്‍കാനാണ് മുതിര്‍ന്ന ഗുസ്തിതാരങ്ങളെന്നനിലയില് തങ്ങള്‍ ശ്രമിക്കുന്നത്. വിനേഷ് ഫോഗട്ട്, ബജ്റംഗ് പുനിയ, സാക്ഷി മാലിക്, രവി ദഹിയ, ദീപക് പുനിയ എന്നിവരാണ് പരാതിയില്‍ ഒപ്പുവെച്ചിരിക്കുന്നത്.
ആവശ്യങ്ങള്‍
•ലൈംഗികാതിക്രമപരാതികള്‍ അന്വേഷിക്കാന്‍ ഒളിമ്പിക് അസോസിയേഷന് ഉടന്‍ സമിതിയെ നിയമിക്കുക
•ഫെഡറേഷന് പ്രസിഡന്റ് രാജിവെക്കുക
•റെസ്ലിങ് ഫെഡറേഷന് പിരിച്ചുവിടുക
•ഗുസ്തിതാരങ്ങളുമായി കൂടിയാലോചിച്ച് ഫെഡറേഷന്റെ ഭരണനിര്‍വഹണത്തിന് പുതിയ സമിതി രൂപവത്കരിക്കണം
Content Highlights: Sexual harassment allegations made by women wrestlers
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..