Image Courtesy: AP
യൂറോപ്പ ലീഗ് ഫുട്‌ബോള്‍ ഫൈനലില്‍ ഇന്റര്‍ മിലാന്‍ ഉയര്‍ത്തിയ വെല്ലുവിളി മറികടന്ന് സ്പാനിഷ് ക്ലബ്ബ് സെവിയ്യ കിരീടമണിഞ്ഞപ്പോള്‍ ജുലന്‍ ലോപറ്റെഗയ് എന്ന സ്പാനിഷ് പരിശീലകന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. 2018-ല്‍ സ്‌പെയ്ന്‍ ദേശീയ ടീമില്‍ നിന്നും റയല്‍ മാഡ്രിഡില്‍ നിന്നും നേരിട്ട വിഷമതകള്‍ക്കുള്ള ലോപറ്റെഗയിയുടെ മറുപടി കൂടിയാണ് സെവിയ്യയുടെ ഈ കിരീട വിജയം.
2018 ലോകകപ്പ് ആരംഭിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് സ്പാനിഷ് ടീമില്‍ അപ്രതീക്ഷിത നീക്കം നടക്കുന്നത്. സ്‌പെയ്ന്‍ ടീമിന്റെ പരിശീലക സ്ഥാനത്തു നിന്ന് ജുലന്‍ ലോപറ്റെഗയിയെ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ പുറത്താക്കി. റയല്‍ മാഡ്രിഡുമായി അദ്ദേഹം കരാറിലെത്തിയതാണ് ഫെഡറേഷനെ ചൊടിപ്പിച്ചത്.
കളിക്കാരുടെ എതിര്‍പ്പ് മറികടന്നാണ് തീരുമാനമെടുത്തതെന്നും കാറ്റലോണിയന്‍ രാഷ്ട്രീയം തീരുമാനത്തിന് പിന്നിലുണ്ടെന്നും അന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. റയല്‍ മാഡ്രിഡുമായുള്ള കരാര്‍ സ്പാനിഷ് ടീമിലെ ബാഴ്സലോണ താരങ്ങളില്‍ അസ്വാരസ്യങ്ങളുണ്ടാക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടാണ് ലോകകപ്പ് തുടങ്ങുന്നതിന് മുമ്പ് ലോപറ്റെഗയിയെ പുറത്താക്കിയതെന്നും പറയപ്പെട്ടു. എന്തൊക്കെയായാലും ആ ലോകകപ്പില്‍ സ്‌പെയ്ന്‍ പച്ച തൊട്ടില്ല.

എന്നാല്‍ 2018-ലെ അദ്ദേഹത്തിന്റെ ശനിദശ അവിടംകൊണ്ടും തീര്‍ന്നില്ല. മാഡ്രിഡിലെത്തിയപ്പോള്‍ അദ്ദേഹത്തിന് ലഭിച്ചത് ക്രിസ്റ്റിയാനോ റൊണാള്‍ഡോ എന്ന മൂര്‍ച്ചയേറിയ ആയുധമില്ലാത്ത റയലിനെ. തുടര്‍ച്ചയായി മൂന്നുവട്ടം റയലിനെ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കിയ സിനദിന്‍ സിദാന്‍ രാജിവെച്ച ഒഴിവിലാണ് ലോപറ്റെഗയ് റയലിന്റെ പരിശീലകനായത്.
റൊണാള്‍ഡോയുടെ അഭാവത്തില്‍ 11 കളിക്കാരുടെ വെറും കൂട്ടമായിപ്പോയ റയലിനെ ശരിയാക്കാന്‍ അത്ര പെട്ടെന്നൊന്നും ലോപറ്റെഗയ് എന്ന പരിശീലകന് സാധിച്ചില്ല. തുടര്‍ച്ചയായ തോല്‍വികള്‍ റയലിനെ അലട്ടി. യുവേഫ സൂപ്പര്‍ കപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ചിരവൈരികളായ അത്ലറ്റിക്കോ മാഡ്രിഡിനോട് രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് തോറ്റത് വലിയ തിരിച്ചടിയായി. പിന്നാലെ ബാഴ്‌സയ്‌ക്കെതിരേ 1-5 ന് തകര്‍ന്നടിഞ്ഞു.
പിന്നാലെ കഴിഞ്ഞ മൂന്നുതവണയും ചാമ്പ്യന്‍സ് ലീഗ് കിരീടം നേടിയ റയല്‍ മോശം ഫോമിലേക്ക് കൂപ്പുകുത്തി. ലാ ലിഗയില്‍ പോയന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് വീണു. ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതോടെ മൂന്നു മാസത്തിനുള്ളില്‍ റയലിന്റെ പരിശീലക സ്ഥാനത്തു നിന്നും പുറത്ത്.
അന്ന് തന്റെ കഴിവില്‍ സംശയം ഉയര്‍ത്തിയവര്‍ക്കെല്ലാം വിജയം കൊണ്ട് ഇപ്പോഴിതാ ലോപറ്റെഗയ് എന്ന പരിശീലകന്‍ മറുപടി നല്‍കിയിരിക്കുകയാണ്. ഇത്തവണ സെവിയ്യയുടെ മുന്നേറ്റത്തില്‍ വീണവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ടിലെ വമ്പന്‍മാരായ മാഞ്ചെസ്റ്റര്‍ യുണൈറ്റഡുമുണ്ട്. ലാ ലിഗയില്‍ നാലാം സ്ഥാനത്തോടെ ഇത്തവണ ചാമ്പ്യന്‍സ് ലീഗ് യോഗ്യതയും ഉറപ്പാക്കി. കോളോണില്‍ ഫൈനലിനു ശേഷം അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞിരുന്നു. മുന്‍പ് സഹിച്ച അവഗണനകളില്‍ നിന്നെല്ലാം അദ്ദേഹത്തിന് ഒരു കര ലഭിച്ചിരിക്കുന്നു.
Content Highlights: Sevilla coach Julen Lopetegui enjoyed sweet redemption after Europa League triumph
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..