സെനഗൽ പരിശീലകൻ അലിയൊ സിസ്സെ | Photo: AP
ഈജിപ്തിനെതിരായ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ ഷൂട്ടൗട്ടില്‍ സെനഗലിന്റെ നാലാം കിക്ക് സാദിയോ മാനെ എന്ന അവരുടെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാള്‍ വലയിലെത്തിച്ചപ്പോള്‍ അവസാനിച്ചത് ആ കുഞ്ഞന്‍ രാജ്യത്തിന്റെ കാലങ്ങളോളം നീണ്ട കാത്തിരിപ്പായിരുന്നു.
സെനഗല്‍ താരങ്ങള്‍ കിരീട നേട്ടം മതിമറന്ന് ആഘോഷിക്കുന്നതിനിടയില്‍ അവരുടെ പരിശീലകന് അലിയൊ സിസ്സെയുടെ കണ്ണുകള്‍ ചെറുതായി നനഞ്ഞിരുന്നു. 20 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഇത്തരമൊരു പെനാല്‍റ്റി ഷൂട്ടൗട്ടിന് ശേഷം രാജ്യത്തിന്റെ ഒന്നടങ്കം വില്ലനായ കഥപറയാനുണ്ട് സെനഗലിന്റെ ഈ മുന്‍ താരത്തിന്.
ഇന്ന് ടീമിനെ കിരീടത്തിലേക്ക് നയിച്ച് അന്നത്തെ വില്ലന്റെ വേഷം അഴിച്ച് വെച്ച് ഹീറോയുടെ പരിവേഷത്തോടെ നില്‍ക്കുകയാണ് സിസ്സെ. പക്ഷേ ഓര്‍മയില്‍ നിന്നും 2002 ഫെബ്രുവരി 13-ലെ കാമറൂണിനെതിരായ ആ ആഫ്രിക്കന്‍ നേഷന്‍സ് ഫൈനല്‍ മായ്ച്ച് കളയാന്‍ സിസ്സെയ്ക്ക് സാധിക്കുന്നില്ല.

അന്ന് കാമറൂണിനെതിരേ നിശ്ചിത സമയത്തും അധിക സമയത്തും മത്സരം 0-0ന് സമനിലയിലായതോടെയാണ് വിജയികളെ നിശ്ചയിക്കാന്‍ കളി പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടത്. സെനഗലിനായി ഫെര്‍ഡിനാന്റ് അലക്സാണ്ഡ്രെ കോളി, ഖാലിയൊ ഫഡിഗ എന്നിവര്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ചപ്പോള്‍ മുസ്തഫ ഫായെ, എല്‍ ഹാദി ഡിയൗഫ്, എന്നിവര്‍ക്കൊപ്പം സിസ്സെയും കിക്കുകള്‍ നഷ്ടപ്പെടുത്തി. അന്ന് കാമറൂണ്‍ കിരീട നേട്ടം ആഘോഷിക്കുന്നത് കണ്ടുനില്ക്കാനേ സെനഗല്‍ ടീം അംഗങ്ങള്‍ക്ക് സാധിച്ചുള്ളൂ.
2002 ലോകകപ്പില്‍ ഫ്രാന്‍സിനെയടക്കം മുട്ടുകുത്തിച്ച തകര്‍പ്പന്‍ പ്രകടനത്തിന് ശേഷമായിരുന്നു ഈ വീഴ്ച. കളിക്കാരമെന്ന നിലയില്‍ തനിക്ക് നഷ്ടമായ നേട്ടം പിന്നീട് പരിശീലകനെന്ന നിലയില്‍ നേടിയെടുത്ത് പകരം വീട്ടിയ 'ഛക് ദേ ഇന്ത്യ'യിലെ കബീര്‍ ഖാന് എന്ന ഷാരൂഖ് ഖാന് അവതരിപ്പിച്ച കഥാപാത്രത്തോടാണ് സിസ്സെയെ ഇന്ത്യന്‍ ആരാധകര്‍ ഉപമിക്കുന്നത്.
2002 ലോകകപ്പില്‍ സെനഗലിനെ നയിച്ച സിസ്സെ തല ഉയര്‍ത്തിയാണ് ക്വാര്‍ട്ടറില്‍ തുര്‍ക്കിയോട് തോറ്റ് മടങ്ങിയത്. പിന്നാലെ നടന്ന ആഫ്രിക്കന്‍ നേഷന്‍സ് കപ്പില്‍ എല്ലാവരും ഒന്നടങ്കം സെനഗല്‍ കിരീടമണിയുമെന്ന് ഉറപ്പിച്ചതായിരുന്നു. പക്ഷേ ഫൈനലില്‍ കണ്ണീരോടെ മടങ്ങാനായിരുന്നു ടീമിന്റെ വിധി.
പിന്നീട് 2015-ലാണ് സെനഗല്‍ ദേശീയ ടീമിന്റെ പരിശീലക പദവി സിസ്സെയെ തേടിയെത്തുന്നത്. 2018-ല്‍ ഫിഫ ലോകകപ്പിന് യോഗ്യത നേടിയെങ്കിലും ചരിത്രത്തില്‍ ആദ്യമായി 'ഫെയര്‍ പ്ലേ ടൈ ബ്രേക്കര്‍' നിയമപ്രകാരം നിര്‍ഭാഗ്യം കാരണം പുറത്താകാനായിരുന്നു സെനഗലിന്റെ വിധി.
പിന്നാലെ 2019-ല്‍ സെനഗല്‍ ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് ഫൈനലില്‍ കടന്നു. 2002-ന് ശേഷം അവരുടെ ആദ്യ ഫൈനല്‍. എന്നാല്‍ ഇത്തവണയും സിസ്സെയേയും സെനഗലിനെയും നിര്‍ഭാഗ്യം പിന്തുടര്ന്നു. അള്‍ജീരിയക്കെതിരായ ഫൈനലില്‍ 1-0നായിരുന്നു തോല്‍വി. ഒടുവിലിതാ 2022-ല്‍ അവസാന പുഞ്ചിരി സിസ്സെയും സാദിയോ മാനെയും അടങ്ങിയ സംഘം സ്വന്തമാക്കിയിരിക്കുകയാണ്.
20 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പെനാല്‍റ്റി നഷ്ടത്തിലൂടെ അകന്നുപോയ നേട്ടം ഇപ്പോഴിതാ സിസ്സെയ്ക്കും സ്വന്തമായിരിക്കുകയാണ്. ഇതിലൂടെ സൂപ്പര്‍ പരിശീലകര്‍ ആഫ്രിക്കയിലുമുണ്ട് എന്ന് പറഞ്ഞുവെയ്ക്കുക കൂടിയാണ് അദ്ദേഹം.
Content Highlights: Senegal's chak de india aliou cisse tha kabir khan
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..