തിരുവനന്തപുരം: മലയാളി താരം സഞ്ജു സാംസണെ ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താത്തത് ചോദ്യംചെയ്ത് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി. സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റില്‍ കേരളത്തിന്റെയും സഞ്ജുവിന്റെയും സ്ഥിരതയാര്‍ന്ന പ്രകടനം ചൂണ്ടിക്കാട്ടി ഫേസ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

സഞ്ജുവിന് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ പ്രകടനം ചൂണ്ടിക്കാട്ടി അദ്ദേഹം പറഞ്ഞു.

ന്യൂസീലന്‍ഡിനെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ ഐപിഎല്‍ 2021 സീസണിലെ മികച്ച പ്രകടനംവെച്ച് സഞ്ജുവിന് അവസരം ലഭിക്കുമെന്നാണ് എല്ലാവരും കരുതിയത്. പക്ഷേ, താരം പരിഗണിക്കപ്പെട്ടില്ല. രാഹുല്‍ ദ്രാവിഡ് മുഴുവന്‍ സമയ പരിശീലകനായി എത്തുന്ന ആദ്യ പരമ്പര കൂടിയായതിനാല്‍ സഞ്ജുവിന്റെ കാര്യത്തില്‍ പ്രതീക്ഷ ഉണ്ടായിരുന്നു. ഐപിഎല്ലില്‍ തിളങ്ങിയ റുതുരാജ് ഗെയ്ക്വാദ്, വെങ്കടേഷ് അയ്യര്‍, ആവേശ് ഖാന്‍ എന്നിവര്‍ക്ക് ടീമിലേക്ക് വിളിയെത്തിയപ്പോള്‍ മലയാളി താരം പുറത്തായി.

മന്ത്രി വി. ശിവന്‍കുട്ടിയുടെ പോസ്റ്റ്:

സഞ്ജു സാംസണ് കുറച്ചു കൂടി മെച്ചപ്പെട്ട പരിഗണന ഇന്ത്യന്‍ സെലക്ടര്‍മാര്‍ നല്‍കണമെന്ന് സയ്യിദ് മുഷ്താഖ് അലി ട്വന്റി20 ടൂര്‍ണമെന്റ് ചൂണ്ടിക്കാട്ടുന്നു. സഞ്ജു തകര്‍ത്തടിച്ചപ്പോള്‍ ( 39 പന്തില്‍ പുറത്താകാതെ 52 റണ്‍സ് ) ഹിമാചല്‍ പ്രദേശിനെ 8 വിക്കറ്റിന് തോല്‍പ്പിച്ച് കേരളം ക്വാര്‍ട്ടറില്‍ എത്തി. ടൂര്‍ണമെന്റില്‍ ഉടനീളം സ്ഥിരതയാര്‍ന്ന പ്രകടനമാണ് കേരള ക്യാപ്റ്റന്‍ കൂടിയായ സഞ്ജു സാംസണ്‍ നടത്തിയത്.
ഐപിഎല്‍ - 14 ല്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ വിക്കറ്റ് കീപ്പര്‍ - ബാറ്റ്‌സ്മാനും സഞ്ജുവായിരുന്നു. എന്തിന് സഞ്ജുവിനെ ഇന്ത്യന്‍ ടീമില്‍ നിന്ന് മാറ്റി നിര്‍ത്തണം?

Content Highlights: selectors should consider him minister v sivankutty on sanju samson