ബ്യൂണസ് ഐറിസ്: ബോക്‌സിങ് റിങ്ങില്‍ നിന്ന് വീണ്ടുമൊരു ദുരന്ത വാര്‍ത്ത. ബ്യൂണസ് ഐറിസില്‍ നടന്ന ചാമ്പ്യന്‍ഷിപ്പിനിടെ പരിക്കേറ്റ അര്‍ജന്റീനയുടെ ബോക്‌സിങ് താരം ഹ്യൂഗോ സാന്റിലന്‍ (23) ചികിത്സയിലിരിക്കെ മരിച്ചു. വ്യാഴാഴ്ച്ച ബ്യൂണസ് ഐറിസിലെ സാന്‍ നിക്കോള്‍സിലെ സാന്‍ ഫിലിപ്പെ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.

യുറുഗ്വായുടെ എഡ്വേഡോ അബ്യൂയുമായുള്ള മത്സരത്തിനിടെയാണ് സാന്റിലന് തലയ്ക്ക്‌ പരിക്കേറ്റത്. മത്സരം സമനിലയില്‍ അവസാനിച്ച ശേഷം സാന്റിലന്‍ റിങ്ങില്‍ കുഴഞ്ഞുവീഴുകയായിരുന്നു.

അബോധാവസ്ഥയിലായിരുന്ന സാന്റിലനെ രക്ഷിക്കാനായി ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ഫലമുണ്ടായില്ല. തലച്ചോറില്‍ രക്തം കട്ടപിടിച്ചതിനെ തുടര്‍ന്ന് അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ചിരുന്നു. തുടര്‍ന്ന് ഹൃദയസ്തംഭനം മൂലം സാന്റിലന്റെ ജീവന്‍ നഷ്ടപ്പെടുകയായിരുന്നു. 

നാല്‌ ദിവസത്തിനിടെ ബോക്‌സിങ് റിങ്ങിലുണ്ടാകുന്ന രണ്ടാമത്തെ ദുരന്തമാണിത്. തലയ്ക്ക് പരിക്കേറ്റ് ചികിത്സയിലായിരുന്ന റഷ്യന്‍ ബോക്‌സര്‍ മാകിം ദാദഷേവ് (28) കഴിഞ്ഞ തിങ്കളാഴ്ച്ച മരണത്തിന് കീഴടങ്ങിയിരുന്നു. 

യു.എസില്‍ നടന്ന ടൂര്‍ണമെന്റില്‍ പ്യൂര്‍ട്ടൊറീക്കോ ബോക്‌സര്‍ സബ്‌രിയല്‍ മതിയാസുമായുള്ള മത്സരത്തിനിടെയാണ് റഷ്യന്‍ താരത്തിന് പരിക്കേറ്റത്. അടിയന്തരമായി മസ്തിഷ്‌ക ശസ്ത്രക്രിയ നടത്തിയെങ്കിലും ഡോക്ടര്‍മാര്‍ക്ക് ദാദഷേവിന്റെ ജീവന്‍ രക്ഷിക്കാനായില്ല.

 

Content Highlights: second boxer to die this week from injuries sustained in a fight