Photo: twitter.com|ANI
ടോക്യോ ഒളിമ്പിക്സില്‍ ഇന്ത്യന്‍ സംഘം ഒരു സ്വര്‍ണമടക്കം ഏഴു മെഡലുകളുമായി രാജ്യത്തിന്റെ അഭിമാനം ഉയര്‍ത്തിയിരിക്കുകയാണ്. രാജ്യമെമ്പാടും ഈ നേട്ടം ആഘോഷമാക്കുമ്പോള്‍ തെല്ലൊന്ന് മനസ് പിടഞ്ഞ് ഒരു 23-കാരി പഞ്ചാബിലെ ചണ്ഡീഗഢിലെ ശാസ്ത്രി മാര്‍ക്കറ്റിലെ പാര്‍ക്കിങ് സെക്ടറില്‍ വാഹനങ്ങള്‍ക്ക് ടിക്കറ്റ് നല്‍കുന്നുണ്ട്.
ബോക്സിങ് റിങ്ങില്‍ നേട്ടങ്ങള്‍ സ്വപ്നം കണ്ട് ഇടിച്ചുമുന്നേറിയ ആ പെണ്‍കുട്ടിയുടെ പേര് റിതു. മുന്‍ ദേശീയ സ്കൂള്‍, ഇന്റര്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പുകളിലെ മെഡല്‍ ജേതാവ്. ഇന്ന് റിതുവിനെ കാണമെങ്കില്‍ ശാസ്ത്രി മാര്‍ക്കറ്റിലെ പാര്‍ക്കിങ്ങില്‍ സെക്ടര്‍ 22-ല്‍ എത്തിയാല്‍ മതി. അവിടെ 350 രൂപ ദിവസ വേതനത്തിന് പാര്‍ക്കിങ് അറ്റന്റന്റായി ജോലിയെടുക്കുകയാണവര്.
സ്കൂള്‍തലം മുതല്‍ തന്നെ കായിക മത്സരങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു റിതു. ആദ്യം ഗുസ്തിയിലാണ് ഒരു കൈ നോക്കിയത്. പിന്നീട് 2015-ല്‍ സെക്ടര്‍ 20-ബിയിലെ ഗവണ്മെന്റ് ഗേള്‍സ് സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകനായ പരംജീത്ത് സിങ്ങാണ് റിതുവിനെ ഇടിക്കൂട്ടിലേക്ക് വഴിതിരിച്ചുവിടുന്നത്.
2016-ല്‍ ചണ്ഡീഗഢ് അഡ്മിനിസ്ട്രേഷന് സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ ചാമ്പ്യന്‍ഷിപ്പില്‍ 63 കിലോ വിഭാഗത്തില്‍ സ്വര്‍ണം നേടി റിതു വരവറിയിച്ചു. പിന്നാലെ അതേ വര്‍ഷം തന്നെ ഓപ്പണ്‍ ഇന്റര്‍ സ്കൂള്‍ ടൂര്‍ണമെന്റില്‍ വെള്ളി മെഡലും സ്വന്തമാക്കി. സ്കൂള്‍ ഫെഡറേഷന് ഓഫ് ഇന്ത്യ തെലങ്കാനയില്‍ സംഘടിപ്പിച്ച സ്കൂള്‍ നാഷണല്‍സില്‍ വെങ്കലവുമായും റിതു തിളങ്ങി. ഇതേ ചാമ്പ്യന്‍ഷിപ്പില്‍ തന്നെ ഗുസ്തിയിലും വോളിബോളിലും ചണ്ഡീഗഢ് സ്കൂള്‍ ടീമിനായും റിതു കളത്തിലിറങ്ങി.
ഇങ്ങനെ സ്പോര്‍ട്സ് തന്നെയാണ് തന്റെ കരിയര്‍ എന്ന് തീരുമാനിച്ച് മുന്നേറുന്നതിനിടെ 2017-ലാണ് റിതുവിന്റെ ജീവിതം തന്നെ മാറ്റിമറിച്ച് അച്ഛന് അസുഖ ബാധിതനാകുന്നത്.
''2017-ല്‍ അച്ഛന് അസുഖ ബാധിതനായതോടെ സ്പോര്‍ട്സും പഠനവും എനിക്ക് ഉപേക്ഷിക്കേണ്ടതായി വന്നു. എന്റെ മൂന്ന് സഹോദരന്മാര് മൊഹാലിയിലും ചണ്ഡീഗഢിലും ദിവസക്കൂലിക്ക് ജോലിയെടുക്കുകയാണ്. അവരുടെ വരുമാനം വീട്ടുചെലവിനും ചികിത്സയ്ക്കുമായി തികയില്ല. അതുകൊണ്ട് ഞാന്‍ പാര്‍ക്കിങ് അറ്റന്റന്റായി ജോലിക്ക് പോയിത്തുടങ്ങി. വലിയ കഷ്ടപ്പാടാണ്, പക്ഷേ എന്റെ മുന്നില്‍ മറ്റു വഴികളില്ല.'' - റിതു ഇന്ത്യന്‍ എക്സ്പ്രസിന് അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു.
സ്കൂളിലുണ്ടായിരുന്ന ആ മൂന്ന് വര്‍ഷം മാത്രമാണ് തനിക്ക് കായികരംഗത്ത് മത്സരിക്കാനായതെന്ന് റിതു പറയുന്നു. 2017-ല്‍ സ്കൂളിങ് നിര്‍ത്തിയതോടെ സ്പോര്‍ട്സും നിന്നു. അന്ന് ഞങ്ങളെ സഹായിക്കാന്‍ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ ഇന്നും താന്‍ കായികരംഗത്ത് തുടര്‍ന്നേനെയെന്നും അവള് കൂട്ടിച്ചേര്‍ത്തു.
പിന്നീട് സ്പോര്‍ട്സ് ക്വാട്ടയില്‍ ഒരു ജോലിക്ക് ശ്രമിച്ചെങ്കിലും അവിടെയും റിതുവിനെ കാത്തിരുന്നത് നിരാശയായിരുന്നു. ബോക്സിങ് ഫെഡറേഷന് ഓഫ് ഇന്ത്യ സംഘടിപ്പിക്കുന്ന മത്സരങ്ങളില്‍ മെഡല്‍ നേട്ടമില്ലെന്ന കാരണത്താല്‍ റിതു തഴയപ്പെട്ടു. ഇന്ത്യന്‍ ആര്‍മിയിലും ബിഹാര്‍ പോലീസിലും റിതു ഒരു ജോലിക്ക് അപേക്ഷിച്ചിട്ടുണ്ട്. ഒരു കാലത്ത് ബോക്സിങ് റിങ്ങിലെ നേട്ടങ്ങള്‍ സ്വപ്നം കണ്ടിരുന്ന ആ പെണ്‍കുട്ടി ഇന്ന് ജീവിക്കാന്‍ ഒരു ജോലിക്ക് വേണ്ടി വാതിലുകള്‍ മാറി മാറി മുട്ടുകയാണ്.
Content Highlights: School Nationals boxing medallist works as parking attendant
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..