തിരുവനന്തപുരം: സന്തോഷ് ട്രോഫി കിരീടം നിലനിര്‍ത്താനിറങ്ങുന്ന കേരള ടീമിന്റെ പരിശീലകനായി മുന്‍ ഇന്ത്യന്‍ താരം വി.പി ഷാജിയെ നിയമിച്ചു. 

ഇത് രണ്ടാം തവണയാണ് ഷാജി കേരള ടീമിന്റെ പരിശീലക സ്ഥാനത്തെത്തുന്നത്. 2017 സന്തോഷ് ട്രോഫിയില്‍ കേരളത്തിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. അന്ന് സെമിയില്‍ ഗോവയോട് തോറ്റ് കേരളം പുറത്തായിരുന്നു. നിലവില്‍ എസ്.ബി.ഐയുടെ പരിശീലകനാണ്.

മുന്‍ ഇന്ത്യന്‍ താരമായ ഷാജി 1993-ല്‍ സന്തോഷ് ട്രോഫി നേടിയ കേരള ടീമില്‍ അംഗമായിരുന്നു. 1998-ലെ സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിന്റെ ക്യാപ്റ്റനായിരുന്ന അദ്ദേഹം ഒരു തവണ സഹ പരിശീലകനായും സേവനമനുഷ്ടിച്ചിട്ടുണ്ട്.

കഴിഞ്ഞ തവണ സതീവന്‍ ബാലന്‍ പരിശീലിച്ച കേരള ടീം കൊല്‍ക്കത്തയില്‍ ആതിഥേയരായ ബംഗാളിനെ തകര്‍ത്ത് കിരീടം നേടിയിരുന്നു. സാള്‍ട്ട് ലേക്കില്‍ പെനാല്‍റ്റി വരെ നീണ്ട മത്സരത്തില്‍ 4-2 നായിരുന്നു കേരളത്തിന്റെ വിജയം. 13 വര്‍ഷത്തിനു ശേഷമായിരുന്നു കേരളത്തിന്റെ കിരീട നേട്ടം. കേരളത്തിന്റെ ആറാം കിരീടമായിരുന്നു ഇത്.

Content Highlights: santhosh trophy vp shaji appointed as kerala santhosh trophy coach