മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം രവീന്ദ്ര ജഡേജയ്ക്കെതിരേ വിവാദ പരാമർശവുമായി മുൻതാരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കർ വീണ്ടും കുരുക്കിൽ. ജഡേജയ്ക്ക് ഇംഗ്ലീഷ് അറിയില്ലെന്ന പരാമർശമാണ് പുതിയ വിവാദത്തിന് കാരണം.

ജഡേജയെ 'പൊട്ടും പൊടിയും' മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്നു പണ്ട് മഞ്ജരേക്കർ പരിഹസിച്ചിരുന്നു. അതിന്റെ പശ്ചാത്തലത്തിൽ ഒരു ആരാധകന് മഞ്ജരേക്കർ അയച്ച മെസ്സേജാണ് ഇപ്പോൾ ചർച്ചാവിഷയമാകുന്നത്.

'താരങ്ങളെ നിങ്ങളെപ്പോലെ ആരാധിക്കാൻ എനിക്ക് കഴിയില്ല. ഞാൻ ക്രിക്കറ്റ് വിശകലനം ചെയ്യുന്ന വ്യക്തിയാണ്. ഇംഗ്ലീഷ് അറിയാത്ത ജഡേജയ്ക്ക് പൊട്ടും പൊടിയും എന്ന് ഞാൻ പറഞ്ഞതിന്റെ അർഥം മനസ്സിലായിട്ടില്ല.' ഇതായിരുന്നു മഞ്ജരേക്കർ സൂര്യ നാരായണൻ എന്ന ആരാധകന് അയച്ച മെസ്സേജ്. സൂര്യനാരായണൻ ട്വിറ്ററിൽ ഇതിന്റെ സ്ക്രീൻ ഷോട്ട് പരസ്യമാക്കിയതോടെ പഴയ വിഷയം വീണ്ടും സജീവമായി.

2019 ലോകകപ്പിനിടെയാണ് മഞ്ജരേക്കർ ഇന്ത്യൻ ഓൾറൗണ്ടറെ പൊട്ടും പൊടിയും മാത്രമറിയുന്ന ക്രിക്കറ്റ് താരം എന്നു വിശേഷിപ്പിച്ചത്. അന്ന് അത് ട്വിറ്ററിൽ ചർച്ചാവിഷയമായി വാക്കുകൊണ്ടും ബാറ്റുകൊണ്ടും ജഡേജ ഇതിന് മറുപടി നൽകി. ന്യൂസീലന്റിനെതിരായ ലോകകപ്പ് സെമി ഫൈനലിൽ അർധ സെഞ്ചുറി നേടിയ ശേഷം കമന്ററി ബോക്സിന് നേരെ ബാറ്റ് വാൾ പോലെ ചുഴറ്റിയായിരുന്നു ജഡേജയുടെ മറുപടി.

Content Highlights: Sanjay Manjrekar in troubled waters after Twitter user posts alleged chat