ന്യൂഡല്‍ഹി: ഇന്ത്യയുടെ ടെന്നീസ് താരം സാനിയ മിര്‍സ വെബ് സീരിസില്‍ അഭിനയിക്കാനൊരുങ്ങുന്നു. ക്ഷയരോഗത്തിനെതിരെയുള്ള സാമൂഹിക പ്രതിബദ്ധതയുള്ള വെബ്‌സീരിസിലാണ് താരം അഭിനയിക്കുക.
എം.ടി.വി നിഷേധ് എലോണ്‍ ടുഗെതര്‍ എന്ന വെബ്‌സിരീസിലാണ് സാനിയ അഭിനയിക്കുന്നതെന്ന് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്തു. ക്ഷയരോഗത്തിന്റെ ദുരന്തവശങ്ങളെക്കുറിച്ച് പ്രതിപാദിക്കുന്ന വെബ്‌സീരിസ് യുവാക്കളെ പുകവലിയില്‍ നിന്നും പിന്തിരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുറത്തിറക്കുന്നത്.
'ക്ഷയരോഗം രാജ്യത്തെ ഏറ്റവും വലിയ രോഗങ്ങളിലൊന്നായി മാറുകയാണ്. ക്ഷയരോഗം ബാധിക്കുന്നവരില്‍ 50 ശതമാനം പേരും 30 വയസ്സില്‍ താഴെയുള്ളവരാണ്. യുവാക്കളെ പുകവലിയില്‍ നിന്നും പിന്തിരിപ്പിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. അതിനുവേണ്ടിയാണ് വെബ്‌സീരിസില്‍ അഭിനയിക്കുന്നത്'-സാനിയ പറഞ്ഞു
വെബ് സീരിസില്‍ അഞ്ച് എപ്പിസോഡുകളാണുള്ളത്. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്‌സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രം പ്രേക്ഷകരിലേക്കെത്തും.
Content Highlights: Sania Mirza to feature in web series to create awareness about tuberculosis