ഹൈദരാബാദ്:എന്തൊക്കെ സംഭവിച്ചാലും തന്റെ പിന്തുണ എക്കാലവും ഇന്ത്യക്ക് മാത്രമായിരിക്കുമെന്ന് വിവാഹത്തിന് മുമ്പ് പാകിസ്താൻ ക്രിക്കറ്റ് താരവും ഭർത്താവുമായ ഷുഐബ് മാലിക്കിനോട് വ്യക്തമാക്കിയിരുന്നതായി ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് സാനിയ ഇക്കാര്യം വിവരിച്ചത്.

കോവിഡിനിടെ ഇരുവരും നടത്തിയ ഇൻസ്റ്റഗ്രാം ലൈവ് ചാറ്റിനെ കുറിച്ചും സാനിയ അഭിമുഖത്തിൽ വാചാലയായി. ആ ലൈവ് ചാറ്റ് ആരാധകർക്ക് ചില തിരിച്ചറിവുകൾ നൽകിയെന്നും തന്നേക്കാൾ സംസാരിക്കുന്ന ആളാണ് മാലിക്കെന്ന് മിക്കവർക്കും അന്ന് മനസ്സിലായെന്നും അഭിമുഖത്തിൽ സാനിയ പറയുന്നു.

'ഞങ്ങളുടെ ബന്ധം വളരെ രസകരമാണ്. ഇൻസ്റ്റഗ്രാം ലൈവ് ചാറ്റ് കണ്ടതോടെയാണ് ഞങ്ങൾ തമ്മിലുള്ള ബന്ധത്തെ കുറിച്ച് ആളുകൾക്ക് ഏതാണ്ടൊരു ധാരണ കിട്ടിയത്. ഞങ്ങൾ വളരെ ലളിതമായി സംസാരിക്കാന് ആഗ്രഹിക്കുന്നവരാണ്. മാലിക്കിനേക്കാൾ സംസാരിക്കുന്ന ആളാണ് ഞാനെന്നായിരുന്നു ആളുകളുടെ ധാരണ. എന്നാൽ ലൈവ് ചാറ്റിലൂടെ ആ തെറ്റിദ്ധാരണ മാറിക്കിട്ടി.' സാനിയ കൂട്ടിച്ചേർത്തു.

ഇന്ത്യക്കെതിരേ കളിക്കാൻ മാലിക്കിന് എപ്പോഴും ഇഷ്ടമായിരുന്നെന്നും അതുകൊണ്ടുതന്നെ പ്രണയത്തിലായിരുന്ന സമയത്ത് ഇതേക്കുറിച്ച് എപ്പോഴും സംസാരമുണ്ടാകുമെന്നും സാനിയ ചൂണ്ടിക്കാട്ടുന്നു. 'അദ്ദേഹം ഇന്ത്യക്കെതിരേ കളിക്കുന്നതിനെ കുറിച്ച് പറയും. 'എന്തൊക്കെ സംഭവിച്ചാലും ഞാൻ ഇന്ത്യയെ മാത്രമേ പിന്തുണക്കൂ' എന്ന് ഞാൻ അപ്പോഴെല്ലാം മറുപടി പറയും. അപ്പോൾ അദ്ദേഹം പറയും-ഇന്ത്യക്കെതിരേയുള്ള എന്റെ പ്രകടനങ്ങളാണ് നിനക്കുള്ള മറുപടി- എന്ന്. വളരെ നീണ്ട കരിയറിന് ഉടമയായ അദ്ദേഹത്തെ കുറിച്ച് എനിക്ക് അഭിമാനം മാത്രമേയുള്ളൂ.' സാനിയ വ്യക്തമാക്കുന്നു.

പാക് ക്രിക്കറ്റ് ടീമിന്റെ മുൻ ക്യാപ്റ്റൻ കൂടിയായ ഷുഐബ് മാലിക്കും സാനിയയും തമ്മിലുള്ള വിവാഹം നടന്നത് 2010-ലാണ്. 2018-ൽ ഇരുവർക്കും ഇഷാൻ എന്ന മകൻ പിറന്നു.

Content Highlights: Sania Mirza recalls banter with Shoaib Malik