മുംബൈ: ഗര്‍ഭകാലത്ത് ശരീരഭാരം കൂടിയതിന്റെ പേരില്‍ സാനിയ മിര്‍സ ഏറെ പരിഹാസങ്ങള്‍ക്ക്് ഇരയായിരുന്നു. ബേബി ഷവറിന് എടുത്ത ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയിയല്‍ പങ്കുവെച്ചപ്പോഴായിരുന്നു ഇത്. അത് എത്രത്തോളം തന്നെ വേദനിപ്പിച്ചെന്ന് തുറന്നുപറയുകയാണ് ഇന്ത്യന്‍ ടെന്നീസ് താരം. ഇന്ത്യ ടുഡേയുടെ ഇന്‍സ്പിറേഷന്‍ പരിപാടിയുടെ പുതിയ എപ്പിസോഡിലായിരുന്നു സാനിയ ഇത് പങ്കുവെച്ചത്. 

'സോഷ്യല്‍ മീഡിയയിലെ ട്രോളുകള്‍ നമ്മള്‍ ഒരുപാട് ആസ്വദിക്കാറുണ്ട്. എന്നാല്‍ അതില്‍ പലതും ബോഡി ഷെയ്മിങ് ആണ്. ഇനി സ്ത്രീകളുടെ ശരീരഭാരം കൂടിയാല്‍ അപ്പോള്‍ അടുത്ത ചോദ്യം ഉടനേ വരും. നിങ്ങള്‍ ഗര്‍ഭിണിയാണോ എന്ന്. ഞാന്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് എന്റെ ശരീരഭാരത്തെ കുറിച്ച് എന്നേക്കാള്‍ കൂടുതല്‍ ആശങ്കയുണ്ടായിരുന്നത് മറ്റുള്ളവര്‍ക്കായിരുന്നു. ബേബി ഷവറിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോഴാണ് അത് എത്രത്തോളം ഭീകരമാണെന്ന് ഞാന്‍ അറിഞ്ഞത്. എന്റെ ശരീരഭാരത്തെ പരിഹസിച്ചുള്ള കമന്റുകളായിരുന്നു ഓരോ ചിത്രങ്ങള്‍ക്കും താഴെ'. സാനിയ പറയുന്നു. 

സാനിയക്കും ഭര്‍ത്താവ് ഷൊയ്ബ് മാലിക്കിനും കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 30-നാണ് ആണ്‍കുഞ്ഞ് പിറന്നത്. കഴിഞ്ഞ മാസം സാനിയയും ഷൊയ്ബും കുഞ്ഞിന്റെ ആദ്യ പിറന്നാള്‍ ആഘോഷിച്ചിരുന്നു. കുഞ്ഞുണ്ടായ ശേഷം ഫിറ്റ്‌നെസ് വീണ്ടെടുത്ത സാനിയ വീണ്ടും ടെന്നീസില്‍ സജീവമാകാന്‍ ഒരുങ്ങുകയാണ്.

Content Highlights: Sania Mirza on body shaming Indian Tennis