ലിമ: ഐ.എസ്.എസ്.എഫ് ലോക ജൂനിയര്‍ ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയ്ക്ക് പത്താം സ്വര്‍ണം. 25 മീറ്റര്‍ റാപ്പിഡ് ഫയര്‍ പിസ്റ്റോള്‍ മിക്‌സഡ് ടീം ഇനത്തില്‍ ഇന്ത്യയുടെ റിഥം സാംഗ്‌വാന്‍-വിജയ് വീര്‍ സിദ്ദു സഖ്യം സ്വര്‍ണം നേടി. 

ഫൈനലില്‍ തായ്‌ലന്‍ഡിന്റെ കന്യകോണ്‍ ഹിരുണ്‍ഫിയോം-ട്രിനിഫാകോണ്‍ ഷ്വക്കോണ്‍ സഖ്യത്തെയാണ് ഇന്ത്യന്‍ ടീം കീഴടക്കിയത്. സ്‌കോര്‍: 9-1. ഈ ഇനത്തില്‍ ഇന്ത്യ തന്നെയാണ് വെങ്കലവും സ്വന്തമാക്കിയത്. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ ഇന്ത്യയുടെ അനീഷ്-തേജസ്വിനി സഖ്യം വിജയം നേടുകയും വെങ്കലം സ്വന്തമാക്കുകയും ചെയ്തു. തായ്‌ലന്‍ഡ് സഖ്യത്തെയാണ് ഇന്ത്യന്‍ ടീം കീഴടക്കിയത്. ഒരുഘട്ടത്തില്‍ പിന്നില്‍ നിന്ന ഇന്ത്യ പിന്നീട് ശക്തമായി തിരിച്ചടിച്ച് 10-8 എന്ന സ്‌കോറിന് മത്സരം സ്വന്തമാക്കി. 

വനിതകളുടെ 50 മീറ്റര്‍ റൈഫില്‍ ത്രീ പൊസിഷന്‍ ടീം ഇനത്തില്‍ ഇന്ത്യ വെള്ളി മെഡല്‍ സ്വന്തമാക്കി. ഇന്ത്യയുടെ നിശ്ചല്‍, പ്രസിദ്ധി മഹാന്ത്, ആയുഷി സഖ്യമാണ് വെള്ളി നേടിയത്. ഫൈനലില്‍ ഇന്ത്യയെ കീഴടക്കി ഈ ഇനത്തില്‍ അമേരിക്ക സ്വര്‍ണം നേടി. 

ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയാണ് മുന്നില്‍. 10 സ്വര്‍ണവും എട്ട് വെള്ളിയും നാല് വെങ്കലവുമടക്കം 22 മെഡലുകളാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്. 20 മെഡലുകളുമായി അമേരിക്ക രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നു.

Content Highlights: Sangwan, Sidhu secure India's 10th gold in ISSF Junior World Championship