കുവൈത്ത് സിറ്റി: ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ സെര്‍ജിയോ റാമോസിന്റെ ഫൗളില്‍ വീണ് തോളിന് പരിക്കേറ്റ ഈജിപ്ഷ്യന്‍ നായകന്‍ മുഹമ്മദ് സലാഹിന്റെ ഭാവിയെ കുറിച്ചുള്ള ആശങ്കയിലാണ് ഫുട്‌ബോള്‍ ആരാധകര്‍. ലോകകപ്പിന് സലാ ഉണ്ടാകുമോ ഇല്ലയോ എന്ന സംശയം ഇപ്പോഴും നിലനില്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാം ഡോക്ടറുടെ കൈയിലാണ്.

സലാഹിന്റെ പരിക്കിനെ ആരാധകര്‍ ഇങ്ങനെ വേദനയോടെ കാണുമ്പോഴാണ് ഇത് ദൈവത്തിന്റെ ശിക്ഷയാണെന്ന് വ്യക്തമാക്കി ഇസ്ലാമിക പുരോഹിതന്‍ രംഗത്ത് വന്നിരിക്കുന്നത്. നോമ്പെടുക്കാതെ ഫുട്‌ബോള്‍ കളിക്കാനിറങ്ങിയതുകൊണ്ട് സലാഹിന് ദൈവം കൊടുത്ത ശിക്ഷയാണ് പരിക്കെന്നാണ് കുവൈത്തിലെ ഇസ്ലാമിക പുരോഹിതന്‍ മുബാറക് അല്‍ ബതാലി പറയുന്നത്. 

സലാഹിന്റെ പരിക്കിന് കാരണം സലാഹ് തന്നെയാണ്. അത് സ്വയം വരുത്തിവെച്ചതാണ്. ബ്രിട്ടനില്‍ നിന്ന് യുക്രെയിനിലേക്കുളള യാത്രയ്ക്ക് വേണ്ടിയല്ലാതെ മത്സരത്തിന് വേണ്ടി മാത്രമായി നോമ്പ് കളഞ്ഞത് ന്യായീകരിക്കാനാവില്ലെന്നും അല്‍ ബതാലി പറയുന്നു. 

ദൈവമാണ് സലാഹിനെ ശിക്ഷിച്ചത്. അയാള്‍ ചെയ്ത പാപത്തിന്റെ ഫലമാണത്. അയാള്‍ തന്നെ അത് അനുഭവിക്കണം. പരിക്ക് നിങ്ങളുടെ നല്ലതിനാണ്. വിഷമിക്കേണ്ട, പശ്ചാത്താപത്തിന്റെ വാതില്‍ നിങ്ങള്‍ക്കായി തുറന്നിട്ടിരിക്കുകയാണ്. അല്‍ ബതാലി കൂട്ടിച്ചേര്‍ത്തു. 

നേരത്തെ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ നോമ്പെടുത്ത ശേഷം കളിക്കാനിറങ്ങുമെന്നായിരുന്നു സലാ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ടീം ഡോക്ടറുടെ നിര്‍ദേശപ്രകാരം നോമ്പെടുക്കാതെ സലാ കളിക്കാനിറങ്ങുകയായിരുന്നു.

Content Highlights: Salah injury was God’s punishment for breaking Ramadan fast says Islamic preacher