ഹൈദരാബാദ്: ടോക്യോ ഒളിമ്പിക്സിനുള്ള സാധ്യതാ ടീമിൽ നിന്ന് ഭർത്താവും ബാഡ്മിന്റൺ താരവുമായ പി.കശ്യപിനെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി ഇന്ത്യൻ ബാഡ്മിന്റൺ താരം സൈന നേവാൾ. കശ്യപിനെ ഒഴിവാക്കിയ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടേയും ബാഡ്മിന്റൺ അതോറിറ്റി ഓഫ് ഇന്ത്യയുടേയും തീരുമാനത്തിൽ അതൃപ്തി പ്രകടിപ്പിച്ച് സൈന രംഗത്തെത്തി. ഓഗസ്റ്റ് ഏഴിന് തുടങ്ങിയ പരിശീലന ക്യാമ്പിൽ സൈന ഇതുവരെ ചേർന്നിട്ടില്ല.

ഒളിമ്പിക്സിന്റെ സാധ്യതാ ടീമിലേക്ക് പരിഗണിച്ചവർ ഹൈദരാബാദിലെ പുല്ലേല ഗോപീചന്ദ് ദേശീയ അക്കാദമിയിൽ പരിശീലനം പുന:രാംരഭിച്ചിരുന്നു. എന്നാൽ സൈന ഈ ക്യാമ്പിലേക്ക് ഇതുവരെ എത്തിയിട്ടില്ല. പകരം ഗോപീചന്ദിന്റെ അക്കാദമിക്ക് സമീപമുള്ള മറ്റൊരിടത്ത് കശ്യപിനൊപ്പം സൈന പരിശീലനം നടത്തുകയാണ്.

ക്യാമ്പിൽ പരിശീലിക്കാൻ കശ്യപിനെ അനുവദിക്കണമെന്ന് സൈന അഭ്യർഥിച്ചിരുന്നുവെന്നും എന്നാൽ അതിന് അനുകൂലമായ മറുപടിയില്ല ലഭിച്ചതെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ഒളിമ്പിക്സിന്റെ സാധ്യതാ പട്ടികയിൽ നിന്ന് തന്നെ ഒഴിവാക്കിയതിന്റെ കാരണം അന്വേഷിച്ച് സ്പോർട്സ് അതോറിറ്റിക്കും ബാഡ്മിന്റൺ അതോറിറ്റിക്കും കശ്യപ് കത്ത് അയച്ചിട്ടുണ്ടെന്നാണ് വിവരം. ടോക്കിയോ ഗെയിംസിന് യോഗ്യത നേടാനുള്ള സാധ്യത തനിക്കുണ്ടെന്നും എന്നാൽ ക്യാമ്പിൽ പരിശീലനം നേടാൻ കഴിയാത്തതിനാൽ അതിനുള്ള മാർഗമാണ് അടയുന്നതെന്നും കശ്യപ് വ്യക്തമാക്കുന്നു.

ലോകറാങ്കിങ്ങിൽ 25-ാം സ്ഥാനത്തും ഇന്ത്യൻ താരങ്ങളിൽ മൂന്നാം റാങ്കിലും ഞാനുണ്ട്. യോഗ്യത നേടാനുള്ള അവസരത്തിനായി കാത്തിരിക്കുന്ന എല്ലാവരും ഒരുമിച്ച് പരിശീലനം നടത്തിയാൽ എന്താണ് പ്രശ്നമെന്നാണ് സൈന ചിന്തിച്ചത്. നൂറാം സ്ഥാനത്തുള്ള താരത്തെ ക്യാമ്പിൽ ഉൾപ്പെടുത്താനല്ലല്ലോ ആവശ്യപ്പെട്ടത്. എനിക്കിപ്പോഴും യോഗ്യത നേടാനുള്ള അവസരമുണ്ടെന്നാണ് വിശ്വസിക്കുന്നത്. സൈന ഇതുവരെ ക്യാമ്പിൽ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ല. കശ്യപ് പറയുന്നു.

സാധ്യതാ പട്ടികയിലുള്ള എട്ടു പേരിൽ നാലു പേരാണ് നിലവിൽ ദേശീയ അക്കാദമിയിൽ പരിശീലനം നടത്തുന്നത്. പി.വി സിന്ധു, കിഡംബി ശ്രീകാന്ത്, ബി സായ് പ്രണീത്, എൻ സിക്കി റെഡ്ഢി എന്നിവരാണ് ക്യാമ്പിലുള്ളത്.

Content Highlights: Saina Nehwal, Parupalli Kashyap