സിദ്ധാർഥും സൈന നേവാളും | Photo: Instagram/ PTI
ന്യൂഡല്‍ഹി: ട്വീറ്റ് വിവാദത്തില്‍ നടന്‍ സിദ്ധാര്‍ഥ് നടത്തിയ ക്ഷമാപണം സ്വീകരിക്കുന്നുവെന്ന് ഇന്ത്യന്‍ ബാഡ്മിന്റണ്‍ താരം സൈന നേവാള്‍. സിദ്ധാര്‍ഥ് പരസ്യമായി മാപ്പ് പറഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഒരു സ്ത്രീയോടും ഇത്തരത്തില്‍ മോശം വാക്കുകള്‍ ഉപയോഗിക്കരുതെന്നും സൈന വ്യക്തമാക്കി.
'ആ ദിവസം ട്വിറ്റല്‍ ഞാന്‍ ട്രെന്‍ഡിങ് ആയപ്പോള്‍ അദ്ഭുതപ്പെട്ടു. ഞാന്‍ സിദ്ധാര്‍ഥുമായി സംസാരിച്ചിട്ടില്ല. അദ്ദേഹം ക്ഷമ പറഞ്ഞതില്‍ സന്തോഷമുണ്ട്. ഒരു സ്ത്രീയേയും ഇത്തരത്തില്‍ ലക്ഷ്യംവെയ്ക്കാന്‍ പാടില്ല. അതിനെക്കുറിച്ച് ഓര്‍ത്ത് ഞാന്‍ ആകുലപ്പെടുന്നില്ല. എന്റെ ഇടത്തില്‍ ഞാന്‍ സന്തുഷ്ടയാണ്. അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെ.' ഇന്ത്യാ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റിനിടെ പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സൈന പറയുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനവ്യൂഹം പഞ്ചാബിലെ ഫിറോസ്പുരില്‍ തടഞ്ഞ സംഭവത്തില്‍ സൈന ട്വീറ്റ് ചെയ്തിരുന്നു. സ്വന്തം പ്രധാനമന്ത്രിയുടെ സുരക്ഷ പോലും ഉറപ്പില്ലാത്ത ഒരു രാജ്യം എങ്ങനെയാണ് സുരക്ഷിതമാണെന്ന് അവകാശപ്പെടുകയെന്നായിരുന്നു സൈന ട്വീറ്റ് ചെയ്തത്. ഒരുകൂട്ടം ഭീരുക്കളായ അരാജകവാദികള്‍ നടത്തിയ ആക്രമണത്തെ കടുത്തഭാഷയില്‍ അപലപിക്കുന്നുവെന്നും അവര്‍ എഴുതിയിരുന്നു. ഈ ട്വീറ്റിന് സിദ്ധാര്‍ഥ് നല്‍കിയ മറുപടിയിലെ ഒരു വാക്കാണ് വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയത്.
വ്യാപകമായ പ്രതിഷേധമാണ് ഇതേത്തുടര്‍ന്ന് സിദ്ധാര്‍ഥിനെതിരെ ഉയര്‍ന്നത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖ ശര്‍മ, നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബു സുന്ദര്‍, ബാഡ്മിന്റണ്‍ താരവും സൈനയുടെ ഭര്‍ത്താവുമായ പി. കശ്യപ് തുടങ്ങി നിരവധി പേര്‍ പ്രതിഷേധവുമായെത്തി. വനിതാ കമ്മീഷന്‍ സിദ്ധാര്‍ഥിനെതിരെ സ്വമേധയാ കേസും രജിസ്റ്റര്‍ ചെയ്തിരുന്നു.
ഇതിന് പിന്നാലെ മാപ്പുചോദിച്ച് സിദ്ധാര്‍ഥ് രംഗത്തെത്തുകയായിരുന്നു. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് രണ്ട് ദിവസം മുമ്പ് നടത്തിയ പരാമര്‍ശത്തില്‍ നടന്‍ ഖേദപ്രകടനം നടത്തിയത്. താനെഴുതിയ ക്രൂരമായ തമാശയ്ക്ക് മാപ്പുപറയാനാഗ്രഹിക്കുന്നു. നിരവധി പേര്‍ ആരോപിക്കുന്ന തരത്തിലുള്ള ദുരുദ്ദേശങ്ങളൊന്നും ആ ട്വീറ്റില്‍ ഇല്ലായിരുന്നു. താനും കടുത്ത ഫെമിനിസ്റ്റ് തന്നെയാണ്. ഒരു സ്ത്രീയെന്ന നിലയില്‍ സൈനയെ ആക്രമിക്കാനുള്ള ഉദ്ദേശമില്ലായിരുന്നു. ഈ പ്രശ്നം അവസാനിപ്പിക്കാം. ഈ കത്ത് സ്വീകരിക്കുമെന്ന് കരുതുന്നുവെന്നും സൈന എന്നും തന്റെ ചാമ്പ്യന്‍ ആയിരിക്കുമെന്നും സിദ്ധാര്‍ഥ് ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
Content Highlights: Saina Nehwal reacts to Siddharth’s apology for controversial tweet
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..