ന്യൂഡല്‍ഹി: ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിങ്ങില്‍ വെച്ചുണ്ടായ അടിപിടിക്കിടെ കൊല്ലപ്പെട്ട മുന്‍ ദേശീയ ഗുസ്തി താരം സാഗര്‍ റാണയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്.

സാഗര്‍ റാണയുടെ തലയില്‍ ഒരു വസ്തു ഉപയോഗിച്ച് അടിയേറ്റിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 

സാഗറിന്റെ ശരീരത്തില്‍ കണ്ടെത്തിയ അടയാളങ്ങളെല്ലാം മരണത്തിന് മുമ്പുള്ളതാണെന്നാണ് ബാബു ജഗ്ജിവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്.

സാഗറിന്റെ ശരീരത്തില്‍ പലയിടത്തും നീല നിറമുള്ള അടയാളങ്ങളുണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. തല മുതല്‍ കാല്‍മുട്ട് വരെ പാടുകളും ഉണ്ടായിരുന്നു. മുറിവുകളെല്ലാം ആഴത്തിലുള്ളതായിരുന്നുവെന്നും എല്ലുകള്‍ പൊട്ടിയിരുന്നതായും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

സാഗറിന്റെ വിസെറ, രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി സൂക്ഷിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

മെയ് നാലിനാണ് സാഗറിന്റെ മരണത്തിന് കാരണമായ സംഘര്‍ഷം നടക്കുന്നത്. മെയ് അഞ്ചിന് പുലര്‍ച്ചെ 2.52-ന് സാഗറിനെ അടുത്തുള്ള ബാബു ജഗ്ജിവന്‍ റാം മെമ്മോറിയല്‍ ആശുപത്രിയിലെത്തിച്ചു. പെട്ടെന്നുതന്നെ അദ്ദേഹത്തെ ട്രോമ സെന്ററിലേക്ക് മാറ്റി, പക്ഷേ 7.15ഓടെ മരണം സംഭവിക്കുകയായിരുന്നു.

അതേസമയം സാഗറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഗുസ്തി താരം സുശീല്‍ കുമാറിനെ കോടതി റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.

Content Highlights: Sagar Rana post mortem report suggests wrestler was hit by blunt object on head