ന്യൂഡല്‍ഹി: മുന്‍ ദേശീയ ജൂനിയര്‍ ഗുസ്തി താരം സാഗര്‍ റാണ കൊല്ലപ്പെട്ട കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത ഒളിമ്പിക് മെഡല്‍ ജേതാവ് സുശീല്‍ കുമാറിന്റെ കസ്റ്റഡി ഡല്‍ഹി രോഹിണി കോടതി നാലു ദിവസത്തേക്ക് കൂടി നീട്ടി.

കേസിലെ പ്രധാന പ്രതിയാണ് സുശീല്‍ കുമാര്‍. കൂടുതല്‍ ചോദ്യം ചെയ്യലിനായാണ് കസ്റ്റഡി നീട്ടിയത്. സുശീലിനൊപ്പം അറസ്റ്റിലായ കൂട്ടാളി അജയ് കുമാറിന്റെ കസ്റ്റഡി കാലാവധിയും നാലു ദിവസത്തേക്ക് കൂടി നീട്ടിയിട്ടുണ്ട്.

മെയ് 23-ന് അനുവദിച്ച ആറ് ദിവസത്തെ റിമാന്‍ഡ് കാലാവധി കഴിഞ്ഞ് സുശീലിനെ ഹാജരാക്കിയ ശേഷമാണ് കോടതി താരത്തിന്റെ പോലീസ് കസ്റ്റഡി നീട്ടിയത്.

24 മണിക്കൂറിലൊരിക്കല്‍ സുശീലിന് വൈദ്യപരിശോധന നടത്തണമെന്നും കോടതി ഡല്‍ഹി പോലീസിന് നിര്‍ദേശം നല്‍കി. 

നാല് ദിവസത്തെ റിമാന്‍ഡ് കാലാവധിക്കിടെ സുശീല്‍ കുമാറിന്റെ അഭിഭാഷകന് അദ്ദേഹത്തെ പോലീസ് കസ്റ്റഡിയില്‍ സന്ദര്‍ശിക്കാം. 

പോലീസ് ഏഴു ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടെങ്കിലും രോഹിണി കോടതി ചോദ്യം ചെയ്യലിനായി നാലു ദിവസത്തെ കസ്റ്റഡി മാത്രം അനുവദിക്കുകയായിരുന്നു.

Content Highlights: Sagar Rana murder case Delhi court extends Sushil Kumar custody by 4 days